ആ സീൻ പാട്ടിൽ ആഡ് ചെയ്തത് ധ്യാനിന്റെ സജഷൻ ആയിരുന്നു: വിനീത് ശ്രീനിവാസൻ
Film News
ആ സീൻ പാട്ടിൽ ആഡ് ചെയ്തത് ധ്യാനിന്റെ സജഷൻ ആയിരുന്നു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 8:54 pm

ധ്യാൻ ശ്രീനിവാസൻ വർഷങ്ങൾക്ക് ശേഷം സിനിമയിൽ നൽകിയ നിർദ്ദേശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ട്രെയ്ലറിൽ കണ്ട കൈനോട്ടക്കാരന്റെ സീൻ പാട്ടിനകത്ത് മൊണ്ടാശ് പോലെ ആഡ് ചെയ്താൽ നന്നായിരിക്കും എന്ന് ധ്യാൻ പറഞ്ഞതാണെന്നും വിനീത് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമിയോട് പങ്കുവെക്കുകയായിരുന്നു താരം.

‘പിന്നെ അതുപോലെ ട്രെയിലറിൽ കണ്ട കൈനോട്ടക്കാരന്റെ സീൻ ഉണ്ടല്ലോ ഇങ്ങനെ ഒരു സാധനം പാട്ടിനകത്ത് മൊണ്ടാശ് പോലെ ആഡ് ചെയ്താൽ നന്നായിരിക്കും എന്ന് ധ്യാൻ പറഞ്ഞിട്ട് അത് ആഡ് ചെയ്തു. അതിന്റെ ചെറിയൊരു റെലവൻസ് പടത്തിലുണ്ട്. അങ്ങനെ ഒന്ന് രണ്ട് സാധനങ്ങൾ പറഞ്ഞു. മൂന്ന് നാലെണ്ണം പറഞ്ഞു രണ്ടെണ്ണം സിനിമയിൽ എടുത്തിട്ടുണ്ട്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഹൃദയം ക്രിഞ്ച് ആണെന്ന് ധ്യാൻ പറഞ്ഞതിനെക്കുറിച്ചും വിനീത് അഭിമുഖത്തിൽ മറുപടി പറയുന്നുണ്ട്. ‘അവൻ ഹൃദയം കണ്ടിട്ട് ഉണ്ടോ എന്ന് പോലും എനിക്കറിയില്ല. അതിൽ എനിക്ക് നല്ല സംശയം ഉണ്ട്. ധ്യാൻ ഫുൾ ആയിട്ട് കണ്ടു എന്ന് എനിക്ക് തോന്നുന്നില്ല. എവിടെയെങ്കിലും പോയി മൈക്ക് കിട്ടിയാൽ വെച്ച് കീച്ചും ആശാൻ, അത്രയേ ഉള്ളൂ. ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും ക്രിഞ്ച് ആണെന്ന്. അത് ഏറ്റുപിടിച്ചിട്ടുണ്ടാവും,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ചിത്രം 2024 ഏപ്രിൽ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കംപോസ് ചെയ്തത് അമൃത് രാംനാഥ്.

Content Highlight: Vineeth sreenivasan about dhyan’s suggestion in varshangalkkushesham