ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ ഹോം ടീമിനോട് വഴങ്ങിയത്.
💔#MIvCSK pic.twitter.com/1R2kK6ThmZ
— Chennai Super Kings (@ChennaiIPL) April 20, 2025
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. 35 പന്തില്‍ 53 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സെടുത്ത ശിവം ദുബൈയുമായാണ് ചെന്നൈ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.
Bat ✅
Ball Game coming 🔜 🥳#MIvCSK #WhistlePodu pic.twitter.com/xFshm8eo3n— Chennai Super Kings (@ChennaiIPL) April 20, 2025
ചെന്നൈ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന് ശേഷം ചെന്നൈ ബൗളര്‍മാരെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചെന്നൈ താരവും ഇന്ത്യന്‍ താരവുമായ സുരേഷ് റെയ്‌ന. ചെന്നൈയ്ക്ക് മികച്ച ലേലമായിരുന്നില്ല ലഭിച്ചതെന്നും നിലവിലെ താരങ്ങള്‍ക്ക് ജയിക്കാന്‍ ആഗ്രഹവും ഉദ്ദേശവുമില്ലായെന്നും റെയ്‌ന പറഞ്ഞു. രവീന്ദ്ര ജഡേജ വേഗത്തില്‍ പന്തെറിയുമ്പോള്‍ ആര്‍. അശ്വിന്‍ ധാരാളം കാരംസ് ബോളുകള്‍ എറിയുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘താരങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ട്. ടീമിന് മികച്ച ലേലമായിരുന്നില്ല ലഭിച്ചത്. നിലവിലെ കളിക്കാര്‍ക്ക് മത്സരങ്ങള്‍ ജയിക്കാന്‍ ആഗ്രഹവുമില്ല. അവര്‍ക്ക് ടീമിനെ ജയിപ്പിക്കാന്‍ ഒരു ഉദ്ദേശവുമില്ല.
രവീന്ദ്ര ജഡേജ വേഗത്തില്‍ പന്തെറിയുമ്പോള്‍ ആര്‍. അശ്വിന്‍ ധാരാളം കാരംസ് ബോളുകള്‍ എറിയുന്നു. പതിരാന വളരെ വൈകിയാണ് പന്തെറിയാന്‍ എത്തുന്നത്. ചെന്നൈ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കേണ്ടതുണ്ട്,’ റെയ്‌ന പറഞ്ഞു.
മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ് നിരക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് വിക്കറ്റ് നേടാന്‍ കഴിഞ്ഞത്. മുംബൈ ഓപ്പണര്‍ റിയാന്‍ റിക്കില്‍ടണിന്റെ വിക്കറ്റാണ് താരം നേടിയത്. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചെന്നൈ ബാറ്റിങ് നിരയില്‍ അരങ്ങേറ്റക്കാരന്‍ ആയുഷ് മാത്രയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറ്റൊരു ബാറ്റര്‍മാര്‍ക്കും ചെന്നൈക്കായി മികവ് കാട്ടാനായില്ല.
മുംബൈയോടുള്ള തോല്‍വിയോടെ സീസണിലെ ആറാം തോല്‍വിയാണ് ചെന്നൈയ്ക്ക് നേരിടേണ്ടി വന്നത്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് സൂപ്പര്‍ കിങ്‌സിന് സ്വന്തമാക്കാന്‍ സാധിച്ചത്. നിലവില്‍ പോയിന്റ് ടേബിളില്‍ നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.
Content Highlight: IPL 2025: Former Indian Cricketer Suresh Raina slams Chennai Super Kings and their senior bowlers