നടി മോനിഷയുടെ മരണം ദുഖത്തേക്കാൾ ഷോക്കായിരുന്നെന്ന് നടൻ വിനീത്. മരണത്തിന്റെ തലേദിവസം വരെ ഒരുമിച്ച് ഷൂട്ട് ഉണ്ടായിരുന്നെന്നും ഒരു മികച്ച നടി എന്നതിനേക്കാൾ മോനിഷ ഒരു നല്ല നർത്തകി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് വളരെ പ്രിയപ്പെട്ടവർ വേർപ്പെട്ട് പോകുമ്പോൾ നല്ല വിഷമം ഉണ്ടാകാറുണ്ട്. അതിപ്പോ സുഹൃത്തുക്കൾ ആയാലും ബന്ധുക്കളായാലും നല്ല വേദനയാണ്.
മോനിഷയുടെ വേർപാട് വളരെ ദുഖം ഉണ്ടാക്കിയിരുന്നു. ദുഖത്തിലുപരി അതൊരു ഷോക്ക് ആയിരുന്നു. കാരണം, സംഭവം നടക്കുന്നതിന്റെ തലേദിവസം വരെ ഞങ്ങൾ തിരുവനന്തപുരത്ത് ഒരുമിച്ച് ഷൂട്ടിങ്ങിന് ഉണ്ടായിരുന്നു. അന്ന് ശ്രീവിദ്യാമ്മയും മോനിഷയും ‘ചെപ്പടിവിദ്യ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായിരുന്നു വന്നത്. അതിന്റെ അടുത്ത ദിവസമായിരുന്നു അപകടം നടന്നത്. ആ സംഭവം ഒരു ഷോക്ക് ആയിരുന്നു. ഇപ്പോഴും അത് വിട്ട് മാറിയിട്ടില്ല.
ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ വളരെ കഴിവുള്ള ആളായിരുന്നു മോനിഷ. ഇന്നുണ്ടായിരുന്നെങ്കിൽ അറിയപ്പെടുന്ന വലിയൊരു പെർഫോർമർ ആയിരുന്നേനെ. ഒരു നടി എന്ന നിലയിലും കഴിവുള്ള ആളാണ്, പക്ഷെ നടി എന്ന് പറയുന്നതിനേക്കാൾ മോനിഷയുടെ പാഷൻ ഡാൻസ് ആയിരുന്നു. അക്കാദമിക്കലി വളരെ ട്രെയിൻ ചെയ്യപ്പെട്ട നർത്തകി ആയിരുന്നു മോനിഷ. ആ ചെറിയ പ്രായത്തിലും വളരെ പെർഫെഡക്ട് ആയിരുന്നു. അത് കലാ ലോകത്തിനു തന്നെ ഒരു നഷ്ടമായിരുന്നു. ഞങ്ങൾ അഞ്ചോളം പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവസാനം ചെയ്തത് ചമ്പക്കുളത്തച്ചൻ ആണ്,’ വിനീത് പറഞ്ഞു.
അഭിമുഖത്തിൽ സിനിമകളുടെ പരാചയങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. പ്രേക്ഷകർ ആസ്വദിച്ചിട്ട് കൂടി വേണ്ടത്ര പരിഗണന കിട്ടാത്ത ചിത്രങ്ങൾ ഉണ്ടെന്നും മാർക്കറ്റിങ് ശരിയായില്ലെങ്കിലും സിനിമകൾ പരാജയപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങൾ ഫ്ലോപ്പ് ആകുമ്പോൾ നല്ല വിഷമം ഉണ്ടാകാറുണ്ട്. കാരണം നമ്മൾ ഒരുപാട് പ്രതീക്ഷിച്ച ചിത്രമാകാം. സിനിമകളുടെ റിലീസ് തീയതി തെറ്റിയിട്ടുണ്ടാകാം, അല്ലെങ്കിൽ പരീക്ഷ സമയങ്ങളിൽ സിനിമ റിലീസ് ചെയ്തിട്ട് കാര്യമില്ലല്ലോ. ചിലപ്പോൾ മാർക്കറ്റിങ് ശരിയായില്ലെങ്കിൽ സിനിമ ഫ്ലോപ്പ് ആകും. ചിലപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ആസ്വദിക്കുന്നുണ്ടാകും. എന്നിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത സിനിമകൾ ഉണ്ടാകും. അത് കാണുമ്പോൾ നല്ല വിഷമം തോന്നും. അത്തരം സംഭവങ്ങൾ സ്വീകരിക്കുകയെ നിവർത്തിയുള്ളൂ. തീർച്ചയായും ആ സമയത്ത് അത് നല്ല വിഷമം ഉണ്ടാക്കും. അത് മനസ്സിൽ ഇട്ട് നടക്കാറില്ല,’ വിനീത് പറഞ്ഞു.