Advertisement
Entertainment
ബേസിലിനെ ഒന്ന് സൂക്ഷിക്കണമെന്ന് അന്നേ ആ നടന്‍ എന്നോട് പറഞ്ഞിരുന്നു: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 25, 10:01 am
Wednesday, 25th September 2024, 3:31 pm

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് വിനീത് കുമാര്‍. ഒരു വടക്കന്‍ വീരഗാഥ, ഭരതം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വിനീത് ദേവദൂതന്‍ എന്ന ചിത്രത്തിലെ മഹേശ്വര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും വിനീത് തിളങ്ങി. അഭിനയത്തിന് പുറമെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ വിനീതിന് സാധിച്ചു.

ഫഹദ് ഫാസിലിനെ നായകനാക്കി 2015ല്‍ റിലീസ് ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് വിനീത് കുമാര്‍ സംവിധായകന്റെ കുപ്പായമണിയുന്നത്. ടൊവിനോ, അര്‍ജുന്‍ ലാല്‍, ബേസില്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിയര്‍ ഫ്രണ്ട് എന്ന ചിത്രവും വിനീത് സംവിധാനം ചെയ്തു. ബേസിലിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് കുമാര്‍. ബേസിലിനെപ്പറ്റി താന്‍ ആദ്യമായി കേള്‍ക്കുന്ന് അജു വര്‍ഗീസിന്റെ അടുത്ത് നിന്നാണെന്ന് വിനീത് കുമാര്‍ പറഞ്ഞു.

പലപ്പോഴും ബേസിലിന്റെ പി.ആര്‍ അജുവാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സെവന്‍സിന്റെ സെറ്റില്‍ വെച്ച് അജു വര്‍ഗീസ് ബേസിലിന്റെ ആദ്യത്തെ ഷോര്‍ട് ഫിലിമായ ‘പ്രിയംവദ കാതരയാണ്’ തനിക്ക് കാണിച്ചു തന്നുവെന്നും അവനെ ഒന്ന് സൂക്ഷിച്ചോ എന്ന് തനിക്ക് മുന്നറിയിപ്പ് തന്നുവെന്നും വിനീത് പറഞ്ഞു. അജു അന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ഇന്നാണ് തനിക്ക് മനസിലായതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയുമായി സംസാരിക്കുകയായിരുന്നു വിനീത് കുമാര്‍.

‘ബേസിലിനെപ്പറ്റി ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് അജുവിന്റെ അടുത്ത് നിന്നാണ്. ജോഷി സാറിന്റെ സെവന്‍സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അജുവിനെ പരിചയപ്പെടുന്നത്. ആ സെറ്റില്‍ വെച്ച് ബേസില്‍ ആദ്യമായി സംവിധാനം ചെയ്ത ‘പ്രിയംവദ കാതരയാണ്’ എന്ന ഷോര്‍ട് ഫിലിം എനിക്ക് കാണിച്ചു തന്നിരുന്നു. അന്നേ ബേസിലിനെ നോക്കി വെച്ചോളാന്‍ അജു എന്നോട് പറഞ്ഞിരുന്നു.

‘ചേട്ടാ ഇവനെ നോക്കി വെച്ചോ, ഇവന്‍ ഭാവിയില്‍ വലിയ രീതിയില്‍ വളരും’ എന്നാണ് അജു എന്നോട് പറഞ്ഞത്. അന്ന് എനിക്ക് അതിന്റെ അര്‍ത്ഥം മനസിലായില്ല. ഇപ്പോഴാണ് അജു പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എനിക്ക് മനസിലായത്,’ വിനീത് കുമാര്‍ പറഞ്ഞു.

Content Highlight: Vineeth Kumar about Aju Varghese and Basil Joseph