നമ്മളിനിയൊരുമിച്ച് അഭിനയിക്കാന്‍ പോവുകയാണെന്ന് മെസേജിട്ടു; ഭീഷണിയായിരുന്നു അതിനുള്ള മറുപടി: വിന്‍സി അലോഷ്യസ്
Film News
നമ്മളിനിയൊരുമിച്ച് അഭിനയിക്കാന്‍ പോവുകയാണെന്ന് മെസേജിട്ടു; ഭീഷണിയായിരുന്നു അതിനുള്ള മറുപടി: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th February 2024, 9:15 am

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രമാണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

മാരിവില്ലിന്‍ ഗോപുരങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നായികമാരായ ശ്രുതി രാമചന്ദ്രനും വിന്‍സി അലോഷ്യസും. ആദ്യമായി സിനിമയില്‍ ഒന്നിച്ചതിനെ കുറിച്ച് പറയുകയാണ് ഇരുവരും. യഥാര്‍ത്ഥത്തില്‍ വിന്‍സിയുടെ കോളേജ് പ്രൊഫസറാണ് ശ്രുതി.

‘ഈ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കിടയില്‍ കെമിസ്ട്രി നന്നായി വര്‍ക്കാകണമായിരുന്നു. സിനിമക്ക് വേണ്ടി ആദ്യം സ്‌ക്രീനിങ് സെഷന്‍ ഉണ്ടായിരുന്നു. അതിന് ശേഷമായിരുന്നു ഫോട്ടോസെഷന്‍. അതില്‍ കുറച്ചൊക്കെ ഞങ്ങള്‍ക്കിടയില്‍ ഐസ് ബ്രേക്കിങ് നടന്നു.

പക്ഷേ വിന്‍സിയും ഞാനും ഷൂട്ട് തുടങ്ങിയിട്ട് ഒരു നാല് ദിവസമൊക്കെ കഴിഞ്ഞാണ് സെറ്റാകുന്നത്. വിന്‍സി ലൊക്കേഷനില്‍ വെച്ച് എന്നെ മാമെന്നാണ് വിളിക്കുന്നത്. പക്ഷേ ആ സിനിമയില്‍ ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മില്‍ തുടക്കത്തില്‍ കുറച്ച് ഓക്വേഡാണ്. അതുകൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല,’ ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ ഐസ് ബ്രേക്കിങ്ങുണ്ടാകുന്നത് ബിന്ദു പണിക്കരുമായുള്ള ഒരു സീനിന് ശേഷമാണെന്നും താന്‍ സ്‌ക്രിപ്റ്റ് ഓക്കെയായതിന് ശേഷം താന്‍ ശ്രുതിക്ക് മെസേജയച്ചിരുന്നെന്നും വിന്‍സി പറയുന്നു.

‘ഞങ്ങള്‍ക്കിടയില്‍ ഐസ് ബ്രേക്ക് ഉണ്ടാകുന്നത് ബിന്ദു ചേച്ചിയുമായുള്ള ഒരു സീന്‍ കഴിഞ്ഞാണ്. നമ്മളുടെ വൈബിനോട് ചേര്‍ന്ന് വളരെ ഫ്രണ്ട്ലിയായി സംസാരിക്കുകയായിരുന്നു. ശ്രുതി ചേച്ചി ബിന്ദു ചേച്ചിയോട് സംസാരിക്കുമ്പോള്‍ വളരെ ചൈല്‍ഡിഷാണ്. അപ്പോള്‍ എനിക്ക് അയ്യോ ക്യൂട്ടെന്ന് തോന്നി.

ഞാന്‍ ഈ സ്‌ക്രിപ്റ്റ് കേട്ട് ഓക്കേയായതിന് ശേഷം മെസേജ് അയച്ചിരുന്നു. മേം നമ്മള്‍ ഇനി ഒരുമിച്ച് അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ ‘മാമെന്ന് ഇനിയെങ്ങാനും വിളിച്ചാല്‍’ എന്ന് പറഞ്ഞ് ഭീഷണിപെടുത്തി,’ വിന്‍സി അലോഷ്യസ് പറഞ്ഞു.

അതുവരെ ആര്‍ക്കും താന്‍ വിന്‍സിയുടെ പ്രൊഫസറാണെന്ന കാര്യം അറിയില്ലായിരുന്നെന്നും താന്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും ശ്രുതി പറയുന്നു. എന്നാല്‍ വിന്‍സി ആദ്യമേ എല്ലാവരോടും ഈ കാര്യം പറഞ്ഞിരുന്നെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

മാരിവില്ലിന്‍ ഗോപുരങ്ങള്‍ ചിത്രത്തില്‍ സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ബോസും പ്രമോദ് മോഹനും ചേര്‍ന്നാണ്.


Content Highlight: Vincy Aloshious Talks About Sruthi Ramachandran