മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അവ്യക്തതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമെതിരെ പ്രതികരിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
‘ആശങ്കപ്പെടേണ്ട ഇവന്‍മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും,’ എന്നാണ് വിനായകന്റെ പോസ്റ്റ്. ആരെക്കുറിച്ചാണ് താരം പോസ്റ്റില്‍ പ്രതിപാദിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. മരക്കാര്‍ വിഷയം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍, അക്കാര്യം തന്നെയാണ് വിനായകന്‍ സൂചിപ്പിക്കുന്നതെന്നാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ പറയുന്നത്.
മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വിനായകന്റെ പോസ്റ്റ് എന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് മലയള സിനിമാലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും, ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയും ഏറുന്നത്.
ആന്റണി മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സാധ്യമായിരുന്നില്ല.
തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നുമുള്‍പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചത്.
ഇതോടൊപ്പം സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികളെ അറിയിച്ചിരുന്നു. ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മിനിമം ഗ്യാരണ്ടി എന്ന സമ്പ്രദായം കേരളത്തില്‍ ഇല്ലാ എന്നും 10 കോടി രൂപ അഡ്വാന്‍സായി നല്‍കാമെന്നുമാണ് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അമ്പിനും വില്ലിനും അടുക്കാത്ത നിലപാടായിരുന്നു ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചിരുന്നത്.
ഇതിനിടെ മോഹന്‍ലാലിന്റെ ഇടപെടലുകളെ സംബന്ധിച്ചും ഫിയോക്കില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ നടനിലുപരി ബിസിനസുകാരനാകുകയാണെന്ന ഈ വിമര്‍ശനം വിവാദത്തിനിടെ ഒന്നിലധികം തവണ ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ താരത്തിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകാത്തതിനാല്‍ ചര്‍ച്ച ആന്റണി പെരുമ്പാവൂരില്‍ ഒതുങ്ങുകയായിരുന്നു.