മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് വിനയ പ്രസാദ്. സിനിമയില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് വിനയ എത്തിയത്. മണിച്ചിത്രത്താഴിന് മുമ്പ് പെരുന്തച്ചന്‍, മൂക്കില്ല രാജ്യത്ത് എന്നീ മലയാള സിനിമകളിലും നടി അഭിനയിച്ചിരുന്നു.
ഈ മൂന്ന് ചിത്രങ്ങളിലും വിനയയുടെ കൂടെ അഭിനയിച്ചിട്ടുള്ള നടനാണ് തിലകന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തിലകനെ കുറിച്ച് സംസാരിക്കുകയാണ് വിനയ പ്രസാദ്. തനിക്ക് മലയാളത്തിലെ ആദ്യവാക്കുകള്‍ പഠിപ്പിച്ചു തന്നവരില്‍ ഒരാളാണ് അദ്ദേഹമെന്നാണ് നടി പറയുന്നത്.
‘തിലകന്‍ സാര്‍ എപ്പോഴും സെറ്റില്‍ വെച്ച് പട്ടാള കാര്യങ്ങളൊക്കെ പറയുമായിരുന്നു. അദ്ദേഹം പട്ടാളത്തില്‍ ഉണ്ടായിരുന്നത്രേ. അവിടെ വെച്ചായിരുന്നു സാര്‍ ഹിന്ദി പഠിക്കുന്നത്. ലൊക്കേഷനില്‍ വെച്ച് അന്നത്തെ പട്ടാള കഥകളൊക്കെ അദ്ദേഹം പറഞ്ഞു തന്നിരുന്നു.
ഒരു മലയാളി ഹിന്ദി പറയുമ്പോള്‍ ഉണ്ടാകുന്ന ചില കോമഡികള്‍ സാര്‍ പറയുമായിരുന്നു. കുറേ സംഭവങ്ങള്‍ പറഞ്ഞു. അത് കേട്ട് അന്ന് ഒത്തിരി ചിരിച്ചിട്ടുണ്ട്. പിന്നെ അന്നത്തെ കാലത്ത് ലൊക്കേഷനില്‍ വേറെ എന്റര്‍ടൈമെന്റ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
അന്ന് സീനിയേര്‍സ് പറയുന്ന കഥകളാണ് നമ്മുടെ എന്റര്‍ടൈമെന്റ്. അതുമാത്രമല്ല, ഇത്തരം കഥകള്‍ എന്റെ കമ്മ്യൂണിക്കേറ്റിങ് സ്‌ക്കില്‍സ് വര്‍ധിച്ചിരുന്നു. കാരണം തിലകന്‍ സാര്‍ കഥ പറയുമ്പോള്‍ ഹിന്ദിക്ക് പുറമെ മലയാളത്തിലും പറയുമായിരുന്നു.
ഹിന്ദിയില്‍ പറഞ്ഞിട്ട് അത് മലയാളത്തിലും പറയും. മലയാളത്തില്‍ പറയുന്ന കാര്യം എനിക്ക് വേണ്ടി ഹിന്ദിയില്‍ കൂടെ പറഞ്ഞു തന്നു. അങ്ങനെ ട്രാന്‍സ്ലേറ്റ് ചെയ്തിട്ടാണ് സംസാരിച്ചത്. മലയാളത്തിലെ ആദ്യവാക്ക് എനിക്ക് പഠിപ്പിച്ചു തരുന്നത് എം.ടി. സാറും തിലകന്‍ സാറുമായിരുന്നു. മലയാളത്തിലെ എന്റെ ഗുരുക്കന്മാരാണ് അവരെന്ന് പറയാം,’ വിനയ പ്രസാദ് പറഞ്ഞു.
Content Highlight: Vinaya Prasad Talks About Thilakan