പൃഥ്വിരാജിനോ ഫഹദ് ഫാസിലിനോ ലഭിക്കുന്നത് പോലെയുള്ള തിരക്കഥകള്‍ തനിക്ക് കിട്ടില്ലെന്ന് പറയുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. തനിക്ക് മുകളില്‍ പത്ത് പേരുണ്ടെന്നും അവരുടെ അടുത്ത് പോയി വന്ന തിരക്കഥകളാണ് താന്‍ വായിക്കുന്നതെന്നും വിനയ് പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ കൊള്ളയിലെ കഥാപാത്രത്തെ പറ്റി മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് വിനയ് ഫോര്‍ട്ടിന്റെ പരാമര്‍ശങ്ങള്‍.
‘ഭയങ്കര സെലക്ടീവാകാനുള്ള അവസ്ഥ എനിക്കില്ല. എനിക്ക് മുകളില്‍ ഒരു പത്ത് പേരുണ്ട്. പത്ത് പേരുടെ അടുത്ത് പോയിട്ടുള്ള തിരക്കഥയേ എന്റെ അടുത്ത് എത്തുകയുള്ളൂ. പൃഥ്വിരാജിന് കിട്ടുന്നതോ ഫഹദ് ഫാസിലിന് കിട്ടുന്നതോ ആയ തിരക്കഥ ഒരിക്കലും എനിക്ക് കിട്ടില്ല. പ്രേമം, തമാശ പോലെയുള്ള സിനിമകള്‍ക്ക് ശേഷം ഫീല്‍ഗുഡ്, ഹ്യൂമര്‍ പരിപാടികളാണ് എന്റെ അടുത്തേക്ക് കൂടുതലായും വരുന്നത്.
ഒരു സാധാരണ മലയാളിയുടെ കോംപ്ലക്‌സിറ്റീസ് അവതരിപ്പിക്കാന്‍ പറ്റിയ രൂപമാണ് എന്റേത്. ഏറ്റവും കൂടുതല്‍ അങ്ങനത്തെ പരിപാടികളാണ് വരുന്നത്. അതില്‍ നിന്നൊക്കെ മാറിയിട്ട് കുറച്ച് ഗ്രേ ഷേഡുള്ള, കുറച്ച് സ്റ്റൈലിഷ് ആയിട്ടുള്ള പൊലീസ് ഓഫീസറാണ് കൊള്ളയിലേത്. ഈ ചിത്രത്തില്‍ നായികമാര്‍ രജിഷയും പ്രിയ വാര്യറുമാണ്. അവരുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളാണ് ഞാന്‍,’ വിനയ് പറഞ്ഞു.
ജൂണ്‍ ഒമ്പതിനാണ് കൊള്ള റിലീസ് ചെയ്തത്. ബോബി- സഞ്ജയ് കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സൂരജ് വര്‍മയാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷാണ് ചിത്രം നിര്‍മിച്ചത്.