ബെംഗളൂരു: ഓട്ടോറിക്ഷയിലെത്തി മാലിന്യം വലിച്ചെറിയുന്നതിനെ ചോദ്യം ചെയ്ത പ്രൊഫസര്‍ക്കെതിരെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 21ന് കുമാരസ്വാമി ലേഔട്ടിലെ ജെ.എച്ച്.ബി.ഐ.സി.എസ് പ്രദേശത്താണ് സംഭവം ഉണ്ടായത്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ ഇരുന്ന് റോഡിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനിടെയായിരുന്നു സംഭവം.
പ്രതികള്‍ അശ്രദ്ധമായി ചില്ല് കുപ്പികള്‍ ഉള്‍പ്പെടെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് കുമാര സ്വാമി ലേ ഔട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജഗദീഷ് പറഞ്ഞു.
ദയാനന്ദ സാഗര്‍ കോളേജിലെ ഫാക്കല്‍റ്റി അംഗമായ പ്രൊഫസര്‍ അരവിന്ദോ ഗുപ്തയാണ് സംഭവം കണ്ടത്. മാലിന്യം വലിച്ചെറിയുന്നത് മറ്റ് വാഹനങ്ങള്‍ തെന്നി മാറുന്നതിനും വീഴുന്നതിനും കാരണമാകുമെന്ന് കരുതിയായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ പ്രതികളായ ഭാനു പ്രസാദ്, ശരത്, അമൃത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊഫസറെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഘം അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ഭയപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അവരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ ചോദ്യം ചെയ്തതിനാണ് തന്നെ പ്രതികള്‍ ആക്രമിച്ചതെന്നും ബെംഗളൂരു സുരക്ഷിതമായ നഗരമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നിലവിലില്ലെന്നും പ്രൊഫസര്‍ പറഞ്ഞു.
ബെംഗളൂരുവിന്റെ പ്രശസ്തിക്ക് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും ഗുണ്ടായിസമാണ് തനിക്കെതിരെ ഉണ്ടായതെന്നും അത് സഹിക്കാന്‍ കഴിയില്ലെന്നും പ്രൊഫസര്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ പ്രൊഫസര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ക്രിമിനല്‍ ഭീഷണി ചുമത്തിയാണ് കേസെടുത്തത്.
അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
Content Highlight: Gang attacks professor who questioned garbage dumping in Bengaluru; three arrested