തിയേറ്ററില്‍ മികച്ച വിജയവുമായി മുന്നേറുകയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 70 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫിനെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
തുടരും സിനിമയുടെ ഷൂട്ടിനിടെയാണ് നിഷാദ് യൂസഫിന്റെ മരണം സംഭവിച്ചത്. പിന്നീട് സ്‌പോട്ട് എഡിറ്ററായ ഷെഫീഖ് എഡിറ്റിങ് ചുമതല നിര്‍വഹിക്കുകയായിരുന്നു. ഓപ്പറേഷന്‍ ജാവ മുതല്‍ നിഷാദ് തന്റെ കൂടെയുണ്ടായിരുന്നെന്ന് തരുണ്‍ പറഞ്ഞു. അന്ന് മുതല്‍ നിഷാദ് തന്നോട് അഭിനയിക്കാന്‍ അവസരം ചോദിച്ചിരുന്നെന്നും എന്നാല്‍ അത്രയും നല്ല വേഷങ്ങള്‍ തനിക്ക് കിട്ടിയില്ലായിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.
തുടരും സിനിമയുടെ ഷൂട്ട് തീരാന്‍ മൂന്ന് ദിവസം ബാക്കിയുള്ളപ്പോള്‍ പാലക്കാട്ടേക്ക് താന്‍ നിഷാദിനെ വിളിച്ചിരുന്നെന്നും മോഹന്‍ലാലിനൊപ്പം ഒരു സീന്‍ നല്‍കിയെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. അവിടെ വെച്ച് ആര്‍.ജെ ബാലാജി തന്നെ വിളിച്ച് നിഷാദ് യൂസഫിനെ അറിയുമോ എന്ന് ചോദിച്ചെന്നും അടുത്ത സിനിമയിലേക്ക് അയാളെ വിളിച്ചിരുന്നെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. നിഷാദ് ആ ഓഫര്‍ സ്വീകരിച്ചെന്നും പിന്നീട് കങ്കുവയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി ചെന്നൈയിലേക്ക് പോയെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ നാല് മണിക്കാണ് താന്‍ റൂമിലെത്തിയതെന്നും പണിയില്‍ അഭിനയിച്ച ബോബി തനിക്ക് ‘നിഷാദ് പോയി’ എന്ന് മെസ്സേജയച്ചെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ബിനു പപ്പുവിനോട് താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അയാളും വല്ലാത്ത അവസ്ഥയിലായെന്നും നിഷാദിന്റെ മരണം തനിക്ക് വിശ്വസിക്കാനായില്ലെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ഓപ്പറേഷന്‍ ജാവ മുതല്‍ നിഷാദ് എന്റെ കൂടെയുണ്ട്, അന്ന് തൊട്ടേ ‘എന്തെങ്കിലും വേഷം താ’ എന്ന് അവന്‍ എന്നോട് പറയുമായിരുന്നു. പക്ഷേ, അവന് ചേരുന്ന വേഷങ്ങള്‍ എനിക്ക് കിട്ടിയില്ല. തുടരും പടത്തിലേക്ക് അവനെ വിളിച്ചപ്പോള്‍ ‘ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും എനിക്ക് വേണം’ എന്ന് അവന്‍ പറഞ്ഞു. പാലക്കാട് ഈ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഞാന്‍ അവനെ വിളിച്ചു.
പടം തീരാന്‍ മൂന്ന് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാലേട്ടന്റെ കൂടെ ഒരു സീന്‍ ഞാന്‍ അവന് കൊടുത്തു. അന്ന് അവിടെ വെച്ച് ആര്‍.ജെ. ബാലാജി എന്നെ വിളിച്ചു. ‘നിഷാദ് യൂസഫിനെ പരിചയമുണ്ടെങ്കില്‍ എനിക്ക് നമ്പര്‍ തരുമോ, സൂര്യയുടെ അടുത്ത സിനിമയിലേക്ക് അയാളെ വിളിക്കാനാണ്’ എന്ന് പറഞ്ഞു. എന്റെയടുത്ത് അവനുണ്ടായിരുന്നു. അവന്‍ ആ ഓഫര്‍ സ്വീകരിച്ചു. അന്നത്തെ ഷൂട്ട് കഴിഞ്ഞ് നിഷാദ് നേരെ ചെന്നൈയില്‍ കങ്കുവയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് പോയി.
രണ്ട് ദിവസത്തിന് ശേഷം ഷൂട്ടൊക്കെ കഴിഞ്ഞ് പുലര്‍ച്ചെ നാല് മണിക്കാണ് ഞാന്‍ റൂമിലെത്തിയത്. ആ സമയത്ത് ബോബി ചേട്ടന്‍, പണിയിലൊക്കെ അഭിനയിച്ചയാള്‍, എനിക്ക് ഒരു മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു. നിഷാദിന്റെയും എന്റെയും കോമണ്‍ ഫ്രണ്ടാണ് ബോബി ചേട്ടന്‍. ‘നിഷാദ് പോയി’ അതിന്റെ കൂടെ ഒരു സാഡ് ഇമോജി. ഞാന്‍ പെട്ടെന്ന് ബിനുവിനെ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ പോയി എന്നത് വിശ്വസിക്കാന്‍ പറ്റിയില്ല,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy about editor Nishad Yousuf