ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ഭീകരവാദത്തിന്റെ ഇരയാണെന്നും ‘ജിഹാദ്’ സൃഷ്ടിച്ചത് പാശ്ചാത്യരാജ്യങ്ങളുമാണെന്ന അവകാശവാദം ആവർത്തിച്ച് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാശ്ചാത്യ സർക്കാരുകളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, പതിറ്റാണ്ടുകൾ പഴക്കമുള്ള നയങ്ങളുടെ ഫലമായാണ് ‘ജിഹാദ്’ സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയ്ക്കും യൂറോപ്പിനും വേണ്ടി തീവ്രവാദ ഗ്രൂപ്പുകൾക്ക് പാകിസ്ഥാൻ നൽകിയ പിന്തുണയുടെ ചരിത്രത്തെക്കുറിച്ച് ആർ.ടി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്.
1980കളുടെ അവസാനത്തിൽ സോവിയറ്റ്-അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ പങ്കുചേരാനും പാശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടി ഭീകരവാദം പരിശീലിപ്പിക്കാനും പ്രബോധിപ്പിക്കാനുമുള്ള ഒരു വേദിയായി മാറാൻ രാജ്യത്തെ മുൻ ഭരണാധികാരികൾ എടുത്ത തീരുമാനങ്ങൾ ഒരു തെറ്റായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിന് തന്റെ രാജ്യം ഒരു സ്പ്രിങ്‌ബോർഡ് ആയിരുന്നെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
‘പാശ്ചാത്യർ കണ്ടുപിടിച്ച ജിഹാദിന്റെ വരവ് പാകിസ്ഥാന്റെ ധാർമ്മികതയെ ഇല്ലാതാക്കി. പാകിസ്ഥാനെ നിലവിലെ പ്രശ്‌നങ്ങളിലേക്കും അവസ്ഥയിലേക്കും തള്ളിവിട്ടു. ഭീകരവാദത്തിന്റെ പിന്തുണയ്ക്കുന്നതിനായി സമൂഹത്തിന്റെ മുഴുവൻ ധാർമികതയും മാറ്റിമറിക്കപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത്, പാകിസ്ഥാൻ യു.എസിന് എല്ലാത്തരം സഹായങ്ങളും നൽകി. പിന്നീട്, 9/11 ആക്രമണങ്ങൾക്ക് ശേഷം, പാകിസ്ഥാൻ വീണ്ടും സഖ്യത്തിൽ ചേർന്നു. ഞങ്ങളുടെ മണ്ണിൽ നിന്നാണ്, എല്ലാ സൗകര്യങ്ങളും സഹായങ്ങളും ലഭിച്ചിരുന്നത്. എന്റെ അഭിപ്രായത്തിൽ ഈ രണ്ട് യുദ്ധങ്ങളും ഞങ്ങളുടെ യുദ്ധങ്ങളല്ല,’ അദ്ദേഹം പറഞ്ഞു.
മുൻകാല നയങ്ങളുടെ അനന്തരഫലങ്ങൾ പാകിസ്ഥാൻ അനുഭവിക്കണമെന്നും ആസിഫ് പറഞ്ഞു. ‘ഞങ്ങൾ വളരെയധികം കഷ്ടപ്പെട്ടു, 1989 അല്ലെങ്കിൽ 1990കളിൽ അമേരിക്ക ഞങ്ങളെ ഉപേക്ഷിച്ചു. 2021 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് പിൻവാങ്ങിയതിന് ശേഷം അവിടുത്തെ സുരക്ഷാ സ്ഥിതി വളരെയധികം വഷളായി. അഫ്ഗാനിസ്ഥാനിലെ വലിയൊരു വിഭാഗം പാകിസ്ഥാനിൽ താമസിക്കാൻ തുടങ്ങി. പിന്നാലെ പാകിസ്ഥാനിൽ ഭീകരവാദം ഒരു ദിനചര്യയായി മാറി. ഇത് വന്നത് അഫ്ഗാനിൽ നിന്നുമാണ്. ഏകദേശം ആറ് ദശലക്ഷം രേഖകളില്ലാത്ത അഫ്ഗാനികൾ പാകിസ്ഥാനിൽ താമസിക്കുന്നുണ്ട്. അവർ താലിബാന് വേണ്ടി പ്രവർത്തിക്കുന്നു. പാകിസ്ഥാനിൽ ഉണ്ടാകുന്ന പ്രശ്നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല. ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകൾ പാകിസ്ഥാനാണ്,’ അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളടക്കം 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ കശ്മീരിലെ ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ ഞങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത ഒരു കാര്യത്തിന് ഇന്ത്യ ഞങ്ങളെ കുറ്റപ്പെടുത്തി,’ അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ തീവ്രവാദികൾക്ക് ധനസഹായം നൽകുകയും പരിശീലനം നൽകുകയും ചെയ്തുവെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു.
പാകിസ്ഥാൻ പാശ്ചാത്യ ശക്തികൾക്ക് വേണ്ടിയാണ് ഈ വൃത്തികെട്ട ജോലി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‘ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഞങ്ങൾ ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും 9/11 ന് ശേഷമുള്ള യുദ്ധത്തിലും നമ്മൾ പങ്കുചേർന്നില്ലായിരുന്നുവെങ്കിൽ, പാകിസ്ഥാന്റെ ട്രാക്ക് റെക്കോർഡ് കുറ്റമറ്റതായിരിക്കുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാൻ ന്യൂസ്പേപ്പറായ ടെഹ്‌റാൻ ടൈംസ് ഖ്വാജ ആസിഫ് പറഞ്ഞതിനെ പിന്തുണച്ചു. തെരഞ്ഞെടുത്ത സഖ്യകക്ഷികൾക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകുന്നതിലൂടെ, സമാധാനവും സ്ഥിരതയും വളർത്തുന്നതിനുപകരം, പലപ്പോഴും സംഘർഷങ്ങളും നിഴൽ യുദ്ധങ്ങളും വളർത്തിയെടുക്കാൻ അമേരിക്ക ശ്രമിച്ചിട്ടുണ്ടെന്ന് ടെഹ്‌റാൻ ടൈംസ് പറഞ്ഞു. പ്രത്യേകിച്ച് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പോലുള്ള വിഭാഗീയ അല്ലെങ്കിൽ വംശീയ സംഘർഷങ്ങളിൽ കുടുങ്ങിക്കിടക്കുന്ന രാജ്യങ്ങളിൽ ഇത് സംഭവിച്ചു. ഈ പിന്തുണ തീവ്രവാദ ഗ്രൂപ്പുകളുടെ ഉദയത്തിന് കാരണമായെന്നും ടെഹ്‌റാൻ ടൈംസ് പറയുന്നു.
Content Highlight: ‘Jihad was created by the West’ Pakistani defense minister