പാരിസ്: തെക്കന്‍ ഫ്രാന്‍സിലെ ലാ ഗ്രാന്‍ഡ് കോംബിലെ പള്ളിയില്‍വെച്ച് മുസ്ലിം യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ ഇസ്ലാമോഫോബിയ ആണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബയ്റോ. കഴിഞ്ഞ ദിവസം പള്ളിയില്‍ വെച്ച് മുസ്ലിം മത വിശ്വാസി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രചരിച്ച വീഡിയോയില്‍ പ്രതിഫലിക്കുന്നത് ഇസ്ലാമാഫോബിക് ക്രൂരതയാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഇന്നലെ (ഞായറാഴ്ച്ച) എക്സില്‍ കുറിച്ചു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തോടും മുസ്ലിം മത വിശ്വാസികളുടെ കൂടെയും താന്‍ നിലകൊള്ളുന്നുവെന്ന് പറഞ്ഞ ബയ്റോ കൊലയാളിയെ പിടികൂടി ശിക്ഷ ഉറപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം യുവാവിനെ കുത്തിക്കൊന്നയാള്‍ ഇപ്പോഴും ഒളിവിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് തെക്കന്‍ ഫ്രാന്‍സിലെ പള്ളിയില്‍വെച്ച് മാലി സ്വദേശിയായ യുവാവ് കുത്തേറ്റ് മരിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് യുവാവും അക്രമിയുമടക്കം രണ്ട് പേര് മാത്രമാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. യുവാവിനെ ആക്രമിക്കുന്ന ദൃശ്യം കൊലപാതകി സ്വന്തം ഫോണില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ യുവാവിനെ കുത്തി പരിക്കേല്പ്പിക്കുന്ന സമയത്ത് അല്ലാഹുവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ അക്രമി അക്രോശിച്ചിരുന്നതായി പള്ളിയിലെ സി.സി.ടി.വി ഫൂട്ടേജില്‍ കണ്ടെത്തിയിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഇസ്ലാമോഫോബിയ ആണെന്ന് പ്രാദേശിക പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം വംശീയതയ്ക്കും മതവിദ്വേഷത്തിനും ഫ്രാന്‍സില്‍ സ്ഥാനമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.
രാജ്യത്തെ എല്ലാ മതവിശ്വാസികളുടേയും പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികളുടേയും ഹൃദയം തകര്‍ക്കുന്ന നിഷ്ഠൂര കൊലപാതകമാണ് നടന്നതെന്ന് നീത്യന്യായ വകുപ്പ മന്ത്രി ജെറാള്ഡജ് ഡാര്മാനില് പ്രതികരിച്ചു. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയില്‍ലോ ഫ്രഞ്ച് പട്ടണമായ അലസിലേക്ക് പോയി പ്രാദേശിക മുസ്ലിം മതവിശ്വാസികളെ കാണുകയും പ്രതിയെ പിടികൂടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കൊലപാതകത്തിന് വേദിയായ ഗ്രാന്‍ഡ് മോസ്കും മാലി യുവാവിന്റെ മരണത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പള്ളിയിലെ ശുചീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്ക് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം ഉദ്യോഗസ്ഥര്‍ വേഗത്തില്‍ കണ്ടെത്തണമെന്നും ഇതൊരു തീവ്രവാദ ആക്രമണമാണോയെന്ന് അധികാരികള്‍ വ്യക്തമാക്കണമെന്നും പള്ളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അക്രമി ഫ്രഞ്ച് സ്വദേശി തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. കൊല്ലപ്പെട്ട യുവാവിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നലെ വൈകുന്നേരം പള്ളിക്ക് സമീപം റാലി സംഘടിപ്പിച്ചിരുന്നു. പാരിസിലും ഇസ്ലാമോഫോബിയയ്ക്കെതിരെ പ്രതിഷേധ റാലിയും ഇരയ്ക്ക് വേണ്ടി ഐക്യദാര്‍ഢ്യ പ്രകടനങ്ങളും നടന്നിരുന്നു.
Content Highlight: French Prime Minister Francois Bayrou says Islamophobia behind stabbing of young man in mosque in France