Entertainment
ഇന്ന് എല്ലാവരും ചിരിച്ച് ആസ്വദിക്കുന്ന സിനിമ, അന്നത് കാശ് പോയ പടമാണ്: അപ്പ ഹാജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 04:40 am
Monday, 28th April 2025, 10:10 am

ചെറിയ വേഷങ്ങളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പ ഹാജ. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഓര്‍മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രമാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ടു ഹരിഹര്‍ നഗര്‍, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അപ്പ ഹാജ.

ഇപ്പോള്‍ രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ ചിത്രങ്ങളുടെ നിര്‍മാണത്തില്‍ താനും പങ്കാളിയായിരുന്നെന്നും അനിയന്‍ ബാവ ചേട്ടന്‍ ബാവ ഹിറ്റായിരുന്നെന്നും അപ്പ ഹാജ പറയുന്നു.

എന്നാല്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രം സാമ്പത്തികമായി ലാഭം കിട്ടിയ സിനിമയല്ലെന്നും പണം പോയ പടമാണെന്നും അപ്പ ഹാജ പറഞ്ഞു.

ടി.വിയിലൊക്കെ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം നന്നായിട്ട് കേറിയെന്നും ആ സിനിമയില്‍ ഹീറോ ഉണ്ടായിരുന്നില്ലെന്നും അപ്പ ഹാജ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അപ്പ ഹാജ.

‘രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതില്‍ ഞാനും പങ്കാളിയാണ്.

അനിയന്‍ ബാവ അത്യാവശ്യം നല്ല ഹിറ്റായിരുന്നു. അന്നത്തെ ഹിറ്റ് സിനിമയായിരുന്നു അനിയന്‍ ബാവ. പക്ഷെ, മറ്റെ സിനിമ ലാഭം ഉണ്ടാക്കിയില്ല. അതില്‍ ഹീറോ ഉണ്ടായിരുന്നില്ല. ഹീറോയിന്‍ ആയിട്ട് നഗ്മയായിരുന്നു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കും. കാശ് പോയ പടമാണ് ശീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. എനിക്ക് തോന്നുന്നു ടി.വിയില്‍ അത് നന്നായിട്ട് കയറിയെന്ന്.’ അപ്പ ഹാജ പറയുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

നഗ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കർ പ്രധാനവേഷങ്ങളിൽ എത്തിയ സിനിമയാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം.

രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് കെ. ബാലചന്ദ്രനാണ് കഥ എഴുതിയത്. മണി ഷൊർണൂർ തിരക്കഥയും രാജൻ കിഴക്കനേല സംഭാഷണവും രചിച്ച സിനിമ 1967 പുറത്തിറങ്ങിയ തമിഴ് ചിത്രമായ ബാമ വിജയത്തിന്റെ റീമേക്കാണ്. ചിത്രത്തിലെ തമാശകളും സംഭാഷണങ്ങളും ഇപ്പോഴും എല്ലാവരും ആസ്വദിക്കാറുണ്ട്.

Content Highlight: The movie that everyone laughs and enjoys today was a money-losing movie back then says Appa Haja