തിരുവനന്തപുരത്തെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പൊന്നിയിന്‍ സെല്‍വന്‍ ടീമെത്തിയത്. വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം തലസ്ഥാന നഗരിയിലെത്തിയിരുന്നു.
പ്രൊമോഷന്‍ ചടങ്ങിനിടെ തിരുവനന്തപുരത്തെ കുറിച്ചും മലയാള സിനിമയിലേക്ക് അഭിനയിക്കാനെത്തിയതിനെ കുറിച്ചുമുള്ള ഓര്‍മകള്‍ വിക്രം പങ്കുവെച്ചു. രണ്ടാമത്തെ പടത്തിന് ശേഷമാണ് സംവിധായകന്‍ ജോഷി തന്നെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നതെന്നും അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് അന്ന് താന്‍ താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു.
ആരും തിരിച്ചറിയാതിരുന്ന ആ കാലത്ത് നിന്നും, ഇന്ന് ‘വിക്രം വിക്രം’ എന്ന് മലയാളികള്‍ ആരവം മുഴുക്കുന്ന സദസിന് മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും വിക്രം പറഞ്ഞു. അക്കാലത്തെ തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും വിക്രം സംസാരിച്ചു.
‘1992-93 കാലത്ത്, ഞാന്‍ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുകയാണ്. ഏതോ മാഗസിനില്‍ വന്ന ഫോട്ടോ കണ്ട് ജോഷി സാര്‍ എന്നെ സിനിമയിലേക്ക് വിളിച്ചു.
ധ്രുവത്തിലെ ഭദ്രന്‍ എന്ന ക്യാരക്ടറിന് വേണ്ടിയായിരുന്നു അത്. ഞാന്‍ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം. ഇന്ന് ഞാന്‍ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാന്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജാണ് അത്.
പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാന്‍ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം.
അപ്പോ ഞാന്‍ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാന്‍ പങ്കജ് ഹോട്ടലിലില്‍ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലില്‍ എനിക്ക് താമസിക്കാനായില്ല. പക്ഷെ അതിലും നല്ല ഹോട്ടലില്‍ ഞാന്‍ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്.
ഞാന്‍ ധ്രുവം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആര്‍ക്കും എന്നെ അറിയില്ല. ഞാന്‍ രാവിലെ നടക്കാന്‍ പോകാറുണ്ടായിരുന്നു. എം.ജി. റോഡിലൂടെയാണ് പോകുക. ഒരു ദിവസം ഒരാള്‍ എന്നെ കണ്ട് ‘വിക്രം’ എന്ന് വിളിച്ചു. ഞാന്‍ സന്തോഷത്തില്‍ നോക്കി, അയാള്‍ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷെ അറിയാം എന്ന് പറഞ്ഞ് അയാള്‍ പോയി.
പക്ഷെ ഇന്ന് നിങ്ങള്‍ എല്ലാവരും ‘വിക്രം…വിക്രം’ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാള്‍ വലിയ സന്തോഷം നല്‍കുന്നതൊന്നും എനിക്കില്ല. ഞാന്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള പടങ്ങളൊന്നും ചെയ്തിട്ടില്ല. പക്ഷെ, ഇപ്പോഴും എന്റെ ഓരോ സിനിമക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്‌നേഹവും ലഭിക്കാറുണ്ട്. അതിലെനിക്ക് ഒരുപാട് നന്ദിയുണ്ട്,’ വിക്രം പറഞ്ഞു.
പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ ആദിത്യ കരികാലനെന്ന ചോള രാജവംശത്തിലെ രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്.
പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്‍ എന്ന പൊന്നിയിന്‍ സെല്‍വന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Content Highlight: Vikram about Mammootty and his old dream