പൊലീസ് വകുപ്പില്‍ നിര്‍ണായക സ്വാധീനം, ഉന്നത ബന്ധങ്ങള്‍, കൊലപാതകമടക്കം അറുപതിലധികം ക്രിമിനല്‍ കേസുകള്‍, കവര്‍ച്ച, കലാപം, കിഡ്നാപ്പിങ്ങ് തുടങ്ങിയ കാര്യങ്ങളിലൂടെ കുപ്രസിദ്ധന്‍. നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്നയാളാണ് ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റിലായ വികാസ് ദുബെ.
പ്രാദേശികമായി നിരവധി കേസ്സുകള്‍ നേരിടുന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നേരത്തെ പൊലീസ് നടത്തിയ നീക്കം ലോക്കല്‍ പൊലീസ് തന്നെ വികാസ് ദുബൈയ്ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. തുടര്‍ന്ന് കാണ്‍പൂരിലുള്ള തന്റെ വീട്ടില്‍ ഇദ്ദേഹം പൊലീസുകാരെ കാത്തിരിക്കുകയും വെടിവെച്ചിടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദുബെയുടെ വീടിന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. നിരന്തരം ഇയാളെ നിയമത്തില്‍ നിന്ന് രക്ഷിക്കാനും ഇയാളുടെ അറസ്റ്റ് തടയുന്നതിലും ഇവിടുത്തെ സ്റ്റേഷന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ സഹായിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2001ല്‍ യു.പിയില്‍ മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ പൊലീസ് സ്റ്റേഷനകത്തുവെച്ചു വെടിവെച്ചു കൊന്ന കേസില്‍ അനായാസം കുറ്റവിമുക്തനായി പുറത്തിറങ്ങിയ ആളാണ് വികാസ് ദുബെ. അന്ന് വിചാരണ വെറും പ്രഹസനമായി മാറുകയായിരുന്നുവെന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസകാരുള്‍പ്പെടെയുള്ള സാക്ഷികള്‍ കേസില്‍ നിന്ന് കൂറുമാറുകയായിരുന്നു.
ഒരാഴ്ച്ചയ്ക്കടുത്ത് സജീവമായി പിന്തുടര്‍ന്നതിന് ശേഷമാണ് പൊലീസിന് വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനായത്. തന്റെ രണ്ട് സഹായികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെയാണ് ദുബെയും മധ്യപ്രദേശില്‍വെച്ച് അറസ്റ്റിലാകുന്നത്. ആറോളം പൊലീസുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസ് വാനിലേക്ക് കയറ്റുമ്പോള്‍ ഞാന്‍ കാണ്‍പൂരിലെ വികാസാണെന്ന് ഇയാള്‍ ഉറക്കെ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കാണ്‍പൂരില്‍ ബ്രാഹ്മണ മേധാവിത്വമുള്ള നിരവധി ഗ്രാമങ്ങളെ നിയന്ത്രിക്കുന്നത് ഇയാളാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തു മുതല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് വരെ ഇയാള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. പ്രാദേശിക പൊലീസുകാര്‍ക്കിടയില്‍ വലിയ സ്വാധീനശക്തിയായി മാറാന്‍ ദുബെയുടെ ഈ ബന്ധങ്ങള്‍ സഹായിച്ചിരുന്നു.
ഇത്തരം ഗുണ്ടാ സംഘങ്ങളും ഇവരുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളും ഉത്തര്‍പ്രദേശില്‍ നിന്ന് നിരവധി തവണ പുറത്തുവന്നിരുന്നു. ക്രമസമാധാന വിഷയത്തില്‍ ഇന്ത്യയില്‍ എറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇത്തരം പ്രശ്നങ്ങള്‍ ഗുരുതരമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെച്ച പ്രധാന അവകാശവാദങ്ങളിലൊന്ന് കുറ്റകൃത്യങ്ങള്‍ക്കുറയ്ക്കാന്‍ ഇടപെടല്‍ ഉണ്ടാകുമെന്നായിരുന്നു.
എന്നാല്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി ലര്‍ക്കാര്‍ ക്രമസമാധന സംരക്ഷണത്തിന് മുന്നോട്ടുവെച്ച വഴികള്‍ പ്രശ്നങ്ങളെ കൂടുതല്‍ ഗുരുതരമാക്കിയെന്നും നീരീക്ഷണങ്ങള്‍ ഉണ്ട്. പ്രതികളെ നിയമപരമായ വിചാരണയ്ക്ക് വിട്ടുകൊടുക്കാതെ അവരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു.
2019 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന 5,178 അക്രമ സംഭവങ്ങളില്‍ അവിടുത്തെ പൊലീസ് സേനയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ഈ അക്രമങ്ങളില്‍ 103 പേരോളം കൊല്ലപ്പെട്ടിരുന്നു.
ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത് യോഗി സര്‍ക്കാരിന്റെ നയങ്ങള്‍ വലിയ രീതിയില്‍ പരാജയപ്പെട്ടു എന്ന് തന്നെയാണ്. ഇപ്പോഴും ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ സജീവമാണ്. പൊലീസ് സേനയിലെ അംഗങ്ങളും കുറ്റവാളികളും തമ്മിലുള്ള ബന്ധം ദൃഡമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പൊലീസ് സേനയക്ക് ഏകപക്ഷീയമായ എറ്റുമുട്ടലുകള്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കിയതിലൂടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ആദിത്യനാഥ് സര്‍ക്കാരിന്റെ നയത്തിന്റെ ബലത്തില്‍ യു.പി പൊലീസ് നിരപരാധികളെ വ്യാപകമായി ആക്രമിക്കുന്നതായി ഇന്ത്യാ ടുഡെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ