മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.
മമ്മൂട്ടിയാണ് ഇതില്‍ നായകനായി അഭിനയിച്ചത്. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു.
ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. 2024 ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ആറാം തവണയും ഉര്‍വശി സ്വന്തമാക്കി. ഇപ്പോള്‍ പ്രേക്ഷകര്‍ തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പറയുകയാണ് ഉര്‍വശി.
പ്രേക്ഷകരില്‍ നിന്ന് തനിക്ക് മാറി നില്‍ക്കാന്‍ അറിയില്ലെന്നും വീടുകളിലൊക്കെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ അവരുടെ കൂടെ ഇരിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ഉര്‍വശി പറയുന്നു. പ്രേക്ഷകര്‍ ആയിട്ടുള്ളവരും, ഷൂട്ടിങ്ങിന് വന്നവരില്‍ പലരുമൊക്കെയാണ് തന്റെ കൂട്ടുകാരെന്നും തന്റെ ആരാധകരില്‍ നിന്നും മാറി ഒരു സ്റ്റാര്‍ ആയിട്ട് ഇരിക്കാന്‍ തനിക്കറിയില്ലെന്നും അവര്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘പണ്ടൊക്കെ വീടുകളില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ ഒരിക്കലും അവിടെ ഉള്ളവരില്‍ നിന്ന് അകന്ന് നിന്നിട്ടില്ല. അത് എനിക്ക് അറിയില്ലായിരുന്നു. പ്രേക്ഷകര്‍ ആയിട്ടുള്ളവര്‍ വരുമ്പോള്‍ ഞാന്‍ അവരുടെ അടുത്ത് പോയിരിക്കും. അങ്ങനെയുള്ളവരുടെ കൂടെ ഇരുന്ന് കൂട്ടുകാരെ ഒരുപാട് കിട്ടിയിട്ടുണ്ട് എനിക്ക്. ഒരുപാട് ബന്ധുക്കളെ എനിക്ക് കിട്ടിയിട്ടുണ്ട്. കോഴിക്കോടൊക്കെ ഉള്ള ഒരുപാട് ഫ്രണ്ട്‌സ് എന്ന് പറയുന്നത് ഷൂട്ടിങ്ങ് കാണാന്‍ വന്നവരും എന്റെ ഫാന്‍സായിട്ടുള്ളവരുമാണ്. അപ്പോള്‍ അവരില്‍ നിന്ന് അകന്ന് ഒരു സ്റ്റാര്‍ ആയിട്ട് ഇരിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു.
അങ്ങനെ വന്ന് നില്‍ക്കുന്നവര്‍ അവരുടെ വിശേഷങ്ങള്‍ പറയും, നമ്മളുടെ വിശേഷം ചോദിക്കും. അങ്ങനെ നമ്മള്‍ കാര്യങ്ങളൊക്കെ പറയും. ഒരു പത്ത് ദിവസമോ, ഒരാഴ്ച്ചയോ ഏതെങ്കിലും വീട്ടില്‍ ഷൂട്ടിങ് ആണെങ്കില്‍ നമ്മള്‍ക്ക് ശ്രദ്ധിക്കാന്‍ കുറെ പേര് അവിടെ ഉണ്ടാകും. അവരെ ഞാന്‍ ശ്രദ്ധിക്കും. നിങ്ങള്‍ എവിടെയാ ജോലി ചെയ്യുന്നേ, നിങ്ങള്‍ ചോറ് കൊണ്ട് പോകുമോ, എന്തായിരിക്കും നിങ്ങള്‍ രാവിലെ ഭക്ഷണം കൊണ്ടു പോകുക. ഇങ്ങനെയൊക്കെ ഞാന്‍ ചോദിക്കും,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi says that she doesn’t know how to be a star away from her fans.