ലണ്ടന്‍: ശിഖര്‍ ധവാന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ഇത്തവണ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് കാല്‍വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളാകും ശങ്കറിന്റെ പകരക്കാരനെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിനു പരിക്കേറ്റാണ് ഓപ്പണര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്തുപോയത്. വിരലിനു പൊട്ടലേറ്റതോടെ താരത്തിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സ്റ്റാന്‍ഡ് ബൈ താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനാണ് ധവാനു പകരം നറുക്കു വീണത്. എന്നാല്‍ ഇന്നലെ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലാണ് പന്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. അതും വിജയ് ശങ്കറെ ഒഴിവാക്കി. ഈ മത്സരത്തിന്റെ പരിശീലന സമയത്താണ് ശങ്കറിനു പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പില്‍ ഇത്തവണ കൡച്ചെങ്കിലും ശങ്കറിന് ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും കാഴ്ചവെയ്ക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് മുതിര്‍ന്ന താരങ്ങളും ആരാധകരും ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെയാണ് പരിക്കും വില്ലന്റെ രൂപത്തിലെത്തിയത്.
വലംകൈയന്‍ ബാറ്റ്‌സ്മാനും വലംകൈയന്‍ പേസ് ബൗളറുമായ ശങ്കര്‍ തമിഴ്‌നാട് സ്വദേശിയാണ്.
ശങ്കറിനു പകരമെത്തുന്ന അഗര്‍വാള്‍ ഇതുവരെ അന്താരാഷ്ട്ര മത്സരത്തില്‍ കളിച്ചിട്ടില്ല. കര്‍ണാടകയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഗര്‍വാള്‍ കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് സെമി സാധ്യതകള്‍ വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ കളിച്ച ബിര്‍മിങ്ഹാമിലെ ബാറ്റിങ് പിച്ചിലാണ് നാളെ ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്.