national news
സംഭാലിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ ഒട്ടിച്ചു; ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 01:01 am
Monday, 21st April 2025, 6:31 am

സംഭാൽ: സംഭാലിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ ഒട്ടിച്ചതിന് ഏഴുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭാലിലെ നരൗളി പട്ടണത്തിലെ കടകളുടെ ചുമരുകളിൽ ‘ഫ്രീ ഗസ, ഫ്രീ ഫലസ്തീൻ’ എന്നെഴുതിയ പോസ്റ്ററുകൾ കാണപ്പെട്ടതിന് പിന്നാലെയാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന പോസ്റ്ററുകളിൽ ഒരു പ്രത്യേക സമൂഹത്തോട് ഇസ്രഈലി സാധനങ്ങൾ ബഹിഷ്‌കരിക്കാനുള്ള അഭ്യർത്ഥനയും ഉൾപ്പെടുത്തിയിരുന്നു.

സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഏഴ് പേരെ തിരിച്ചറിഞ്ഞതായും ബനിയാത്തർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാംവീർ സിങ് പറഞ്ഞു. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട കടകളുടെ ചുമരുകളുടെ ഉടമകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പിന്നാലെയാണ് അറസ്റ്റ് നടന്നത്.

അസിം, സെയ്ഫ് അലി, റഹീസ്, മാറ്റ്‌ലൂബ്, ഫർദീൻ, അർമാൻ, അർബാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സിങ് പറഞ്ഞു. അതേസമയം പോസ്റ്ററിന് പിന്നാലെ വർഗീയ വിദ്വേഷം നിറഞ്ഞ പ്രതിഷേധവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ എത്തിയിട്ടുണ്ട്. പോസ്റ്ററുകൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ബജ്‌റംഗ്ദൾ കൺവീനർ നിതിൻ ശർമ വാദിച്ചത്.

‘ഇവ വെറും പോസ്റ്ററുകളല്ല. ജില്ലയിലേക്ക് നുഴഞ്ഞുകയറുന്ന അപകടകരമായ വർഗീയത നിറഞ്ഞ മാനസികാവസ്ഥയെയാണ് ആ പോസ്റ്ററുകൾ കാണിക്കുന്നത്. ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചിമ ബംഗാളിലെ സ്ഥിതി ആശങ്കാജനകമാണ്. നരൗളിയിലും സമാനമായ ലക്ഷണങ്ങൾ ഇപ്പോൾ ദൃശ്യമാണ്. ആരാണ് കലാപം ഉണ്ടാക്കി പട്ടണം കത്തിക്കാൻ ശ്രമിക്കുന്നത്,’ ശർമ ചോദിച്ചു.

ഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുമെന്നും ശർമ ഭീഷണി മുഴക്കി.

2023 ഒക്ടോബറിൽ ഹമാസ് തെക്കൻ ഇസ്രഈലിൽ നടത്തിയ പ്രത്യാക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇസ്രഈൽ ഗാസയിൽ യുദ്ധം ആരംഭിച്ചു. ആക്രമണത്തിൽ ഇതുവരെ 51,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

 

Content Highlight: Seven arrested after pro-Palestine posters surface in Sambhal