Entertainment
'മരണമാസ്സ്‌' ലുക്കിൽ വിജയ് സേതുപതി; 'പേട്ട' പോസ്റ്റർ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 04, 04:42 pm
Tuesday, 4th December 2018, 10:12 pm

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ചിത്രം “പേട്ട”യുടെ കാരക്ടർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് പോസ്റ്ററിൽ. ചിത്രത്തിൽ “ജിത്തു” എന്ന വില്ലനായാണ് സേതുപതി എത്തുക.

മുഖത്ത് മുറിപ്പാടും, ചുളിഞ്ഞ കണ്ണുകളും, ചുണ്ടിൽ നിറചിരിയുമായാണ് “ജിത്തു” പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൈയിലൊരു തോക്കും ഏന്തിയിട്ടുണ്ട്. പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ വില്ലൻ സേതുപതിയുടെ നേർക്ക് നടന്നടുക്കുന്ന രജനിയുടെ നിഴൽരൂപവും ചേർത്തിട്ടുണ്ട്.

Also Read എന്റെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കോഹ്‌ലിയ്ക്ക് നല്‍കൂ; ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയ കോഹ്‌ലിയ്ക്ക് ഗംഭീര്‍ നല്‍കിയ സമ്മാനം

ചിത്രത്തിന്റെ മോഷൻ പോസ്റ്ററിലുള്ള രംഗമാണ് ഇവിടെയും ആവർത്തിച്ചിരിക്കുന്നത്. രജനിയുടെ “കാലി”ക്ക് ചേർന്ന വില്ലനായി തന്നെയാണ് സേതുപതി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. സേതുപതിയുടെ ലുക്കും ഭാവവും ഒരു ഗ്യാങ്സ്റ്റർ കഥാപാത്രത്തിന് യോജിച്ചതാണ്.

“പേട്ട”യുടെ വാർത്തകൾ മാധ്യമങ്ങളിൽ വന്നു തുടങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ സേതുപതിയുടെ വില്ലൻ വേഷവും ചർച്ചാവിഷയമായിരുന്നു.

പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ധിക്കിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘2.0’യ്ക്ക് ശേഷം തെന്നിന്ത്യൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ‘പേട്ട’.

Also Read ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്, പോസിറ്റീവായിട്ടും കുറച്ചൊക്കെ എഴുതുക; മാധ്യമ പ്രവര്‍ത്തകരോട് ശബരിമല നിരീക്ഷകസമിതി -വീഡിയോ

നടിമാരായ സിമ്രനും തൃഷയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1999ൽ പുറത്തിറങ്ങിയ “ജോഡി”യിലാണ് ഇരുവരും അവസാനം പ്രത്യക്ഷപ്പെട്ടത്. ബോബി സിൻഹ,മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള നടൻ മണികണ്ഠനും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.