Entertainment
മഞ്ജു വാര്യറും ഈ സിനിമയിലുണ്ട്, പക്ഷേ അവരുടെ കൂടെ ഇതുവരെ അഭിനയിക്കാന്‍ പറ്റിയിട്ടില്ല: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 07, 08:28 am
Thursday, 7th March 2024, 1:58 pm

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപെട്ട തമിഴ് സിനിമകളിലൊന്നായിരുന്നു വിടുതലൈ. ജയമോഹന്റെ തുണൈവന്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് കഴിഞ്ഞ വര്‍ഷം റിലീസായത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെന്നും ഈ വര്‍ഷം റിലീസാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച വാധ്യാര്‍ എന്ന കഥാപാത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. സാധാരാണക്കാരുടെ അവകാശങ്ങള്‍ക്കായി ഗവണ്മെന്റിനെതിരെ പോരാടുന്ന മക്കള്‍ പടൈ എന്ന സായുധ സംഘടനയുടെ നേതാവായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. രണ്ടാം ഭാഗത്തില്‍ വാധ്യാരുടെ ആദ്യകാല ജീവിതത്തിന്റെ കഥയാവും പറയുക എന്നും ചിത്രത്തില്‍ മഞ്ജു വാര്യറും ഉണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വിടുതലൈക്ക് ഇത്രയും അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ഇനിയും ഷൂട്ട് തീരാന്‍ ബാക്കിയുണ്ട്. ബെര്‍ലിനില്‍ കാണിച്ചത് സിനിമയുടെ മറ്റൊരു വേര്‍ഷനാണ്. അതില്‍ കുറച്ചുകൂടെ ചേര്‍ക്കാനുണ്ട്. വാധ്യാര്‍ എന്ന കഥാപാത്രത്തിന്റെ ആരംഭകാലവും അയാള്‍ എങ്ങനെ അത്രയും വലിയ നേതാവായി എന്നും രണ്ടാം ഭാഗത്തില്‍ കാണിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ റിലീസുണ്ടാകുമെന്ന് കരുതുന്നു.

പിന്നെ ഈ സിനിമയില്‍ മഞ്ജു വാര്യറുമുണ്ട്. പക്ഷേ അവരുടെ കൂടെ സീന്‍ ചെയ്യാന്‍ ഇതുവരെ പറ്റിയിട്ടില്ല. ആ സീനുകള്‍ ഇനി എടുക്കാന്‍ ബാക്കിയാണ്. വെട്രിമാരന്റെ കൂടെ അഭിനയിക്കണമെന്നുള്ളത് പണ്ടുമുതലേയുള്ള ആഗ്രഹമായിരു്‌നനു. വടചെന്നെയില്‍ ആറ് ദിവസം അഭിനയിച്ചു. പിന്നീട് എനിക്ക് ആ സിനിമ ചെയ്യാന്‍ പറ്റിയില്ല. പിന്നീട് വെട്രിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഈ സിനിമയിലാണ്,’ വിജയ് സേതുപതി പറഞ്ഞു.

Content Highlight: Vijay Sethupathi talks about Viduthalai part two