സീതാകാത്തി -പുനര്‍ജന്മം കലയിലൂടെ
Film Review
സീതാകാത്തി -പുനര്‍ജന്മം കലയിലൂടെ
ശംഭു ദേവ്
Friday, 21st December 2018, 9:49 am

ബാലാജി തരണീധരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു “നടുവിലെ കൊഞ്ചം പക്കാത്ത കാണോം” വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ച ആ കൊച്ചു വലിയ സിനിമയില്‍ തന്നെ ചെറിയ ആശയത്തെ ഹാലാസ്യത്തിന്റെ ശൈലിയില്‍ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത സംവിധായകനെ കാണുവാന്‍ സാധിച്ചിരുന്നു.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെ തന്റെ രണ്ടാം ചിത്രത്തിലേക്കും തിരഞ്ഞെടത്തപ്പോള്‍ താരമൂല്യത്തെ അല്ല മറിച്ച് വിജയ് സേതുപതി എന്ന നടനെ തന്റെ കഥാപാത്രത്താല്‍ ഓര്‍ത്തിരിക്കും വിധത്തിലുള്ള പറിച്ചു നടലിലാണ് സീതാകാതി എന്ന ചിത്രത്തിന്റെ ജനനം.

ചിത്രം ഒരു കഥയെ പിന്തുടരുന്ന ശൈലിയിലല്ല, “അയ്യാ” എന്ന നാടകനടന്റെ അരങ്ങിനപ്പുറം നീണ്ടു നില്‍ക്കുന്ന ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്രയിലേക്കാണ് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. കാണികളും ആരവങ്ങളും നിറഞ്ഞ സദസ്സുകള്‍ കാലഘട്ടത്തിന്റെ വളര്‍ച്ചക്കൊപ്പം നിലച്ചു പോകുമ്പോള്‍ അരങ്ങിലെ ആട്ടത്തില്‍ മാത്രം ഉന്മാദം കണ്ടെത്തിയ “അയ്യാ ആദിമൂലം” എന്ന പച്ചയായ നാടക നടന്‍.

വിജയ് സേതുപതി എന്ന നടന്‍ “അയ്യാ” എന്ന വേഷപ്പകര്‍ച്ചയിലേക്കു ഒട്ടും കാലിടറാതെ പ്രേക്ഷകന്റെ മുന്നില്‍ അരങ്ങേറി. ചിത്രത്തിലുടനീളം ഇല്ലെങ്കില്‍ പോലും, പടം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സില്‍ “അയ്യാ” എന്ന കഥാപാത്രം വേരോടെ പറിച്ചു നടുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ വലുതാണ്. അരങ്ങിനെ സ്‌നേഹിച്ചും അതില്‍ ജീവിച്ചും, ഒടുക്കം അതെ അരങ്ങില്‍ തന്റെ വേഷം അവസാനിച്ചെന്ന് കാണികളായ പ്രേക്ഷകനെ വിശ്വസിപ്പിച്ചു മൂന്നു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരു കലാകാരന്റെ മരണമില്ലാത്ത പുനര്‍ജന്മമാണ് ചിത്രം.

കല വ്യക്തികളെ മരണത്തിനപ്പുറവും ഈ പ്രപഞ്ചത്തില്‍ നിലനിര്‍ത്തുന്നു, നമ്മില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന കല വാസനകളും കഴിവുകളുമെല്ലാം പരമ്പരാഗതമാത്രമായല്ല നമ്മളിലേക്ക് പ്രവേശിക്കുന്നത് അവയെല്ലാം നമുക്ക് മുന്‍പും നമുക്ക് ശേഷവും ഇവിടെ നിലകൊള്ളുന്നു.നിലകൊള്ളുന്നതെന്തിനെയോ ചുമന്നു പോകുന്നവര്‍ മാത്രമാണ് നാം മനുഷ്യരെന്ന ഉള്‍ചിന്തയിലേക്കാണ് “അയ്യാ” എന്ന കഥാപാത്രം പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.

കച്ചവടങ്ങള്‍ക്കുവേണ്ടി കലയില്‍ മാറ്റം വരുത്തുമ്പോള്‍ ഓരോ കലാകാരനും അരങ് ഒഴിയേണ്ടി വരുന്നു, കാണുന്ന പ്രേക്ഷകര്‍ മാറിയാലും കച്ചവടക്കാര്‍ക്ക് ആ ഭാഷ മനസിലാക്കുവാന്‍ സാധിക്കില്ല.ചിത്രത്തിന്റെ പ്രമേയം യുക്തിയെ മറന്ന്,മറ്റൊരു വേറിട്ട യാഥാര്‍ഥ്യത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്, ആ യാഥാര്‍ഥ്യം കലാകാരന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതല്ല.

തമിഴകത്തിന് കലയോടുള്ള അഭിനിവേശവും,ആരാധനയും നമ്മള്‍ നോക്കികാണേണ്ട ഘടകം തന്നെയാണ്,ഒരേ സമയത്ത് പരീക്ഷണ ചിത്രങ്ങളും,വട ചെന്നൈ , പരിയേറും പെരുമാള്‍ പോലുള്ള വ്യകത്മായ രാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചു പറയുന്ന ചിത്രങ്ങളും, സീതാകാതി പോലെ കലാമൂല്യം നിറഞ്ഞ, സാധാരണക്കാരന്റെ അഭിരുചികളോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവും നിര്‍മ്മിക്കപ്പെടുമ്പോള്‍ മാറുന്നത് തമിഴ് സിനിമയുടെ മുഖമുദ്ര തന്നെയാണ് ചിത്രത്തിന്റെ ചലനം ചിലയിടങ്ങളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുവാന്‍ കഴിയാതെ പോയേക്കാം, എങ്കില്‍ പോലും കണ്ടിറങ്ങുമ്പോള്‍ മടുപ്പ് തോന്നിക്കാത്തവിധം ഹൃദ്യവും, മനസ്സിനെ പിടിച്ചുലക്കും വിധം സുന്ദരവുമാണ് സീതാകാതി.

സംഗീത സംവിധായകന്‍ ഗോവിന്ദ് പി മേനോന്‍ ചിത്രത്തിന്റെ നിശബ്ദത അര്‍ഹിക്കുന്ന ഭാഗങ്ങള്‍ നിശബ്ദതയുടെ മനോഹാര്യതയിലേക്കും , സംഗീതം വേണ്ടുന്നിടത്ത് വൈകാരികതയോടുകൂടിയും അവതരിപ്പിച്ചതായി അനുഭവപെട്ടു ചിത്രത്തില്‍ സംഗീതത്തിന് അത്രമേല്‍ പ്രാധാന്യം ഇരുന്നാലും, അവയുടെ ഇടപെടലുകള്‍ കാണിയെ ചിത്രത്തോട് അടുപ്പിക്കും വിധം മനോഹരമായിരുന്നു.”അയ്യാ” എന്ന ഗാനവും കഥാപാത്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ സംഗീതപരമായി നിറഞ്ഞു നിന്നു. 96 എന്ന ചിത്രത്തിന് മുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സംഗീത സംവിധായകനെയായിരുന്നു സീതാകാതിയില്‍ കാണുവാന്‍ സാധിച്ചത്.

വിജയ് സേതുപതിക്ക് ശേഷം പ്രകടനത്തില്‍ ഏറ്റവും ആകര്‍ഷിച്ചത് മൗലി(പരശുരാമന്‍), രാജ്കുമാര്‍(ശരവണന്‍) എന്നിവരുടെ ആയിരുന്നു. ഒരേ സമയം നല്ലൊരു നടന്റെയും പ്രേക്ഷകനെ ചിരിപ്പിക്കും വിധത്തില്‍ ഒരു മോശം നടനിലേക്കുള്ള മാറ്റത്തെയും പ്രകടനത്തിലൂടെ പ്രതിഫലിപ്പിക്കുന്ന സീനുകള്‍ ചിത്രത്തിന്റെ പകിട്ട് കൂട്ടുന്ന മറ്റൊരു ഭാഗമാണ്