Film News
ആ സംഭവത്തോടെ കുറച്ച് നാളത്തേക്ക് മിണ്ടാതിരിക്കാമെന്ന് വിചാരിച്ചു; 10 വര്‍ഷമായി അഭിമുഖങ്ങള്‍ കൊടുക്കാത്തതിനെ പറ്റി വിജയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 11, 07:21 am
Monday, 11th April 2022, 12:51 pm

10 വര്‍ഷങ്ങളായി താന്‍ അഭിമുഖങ്ങളൊന്നും കൊടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് വിജയ്. മുമ്പ് താന്‍ കൊടുത്ത അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ താന്‍ പറഞ്ഞതില്‍ നിന്നും മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നതെന്നും അതോടെയാണ് കുറച്ച് നാളത്തേന് അഭിമുഖങ്ങള്‍ കൊടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയ് പറഞ്ഞു.

സംവിധായകന്‍ നെല്‍സണ്‍ നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. സണ്‍ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലാണ് അഭിമുഖം റിലീസ് ചെയ്തത്.

‘അഭിമുഖം കൊടുക്കാനുള്ള സമയമൊക്കെ ഉണ്ടായിരുന്നു. അത്ര തിരക്കുള്ള ആളോന്നുമല്ല ഞാന്‍. അഭിമുഖങ്ങളൊക്കെ കൊടുക്കാത്തതിന് ഒരു കാരണം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഭവം നടന്നു. ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത് കുറച്ച് മാറ്റിയാണ് അച്ചടിച്ചു വന്നത്. അത് വേറൊരു രീതിയിലാണ് പ്രൊജക്റ്റായത്. പിന്നെ കുറച്ച് നാളത്തേക്ക് മിണ്ടാതിരിക്കാം എന്ന ഞാന്‍ വിചാരിച്ചു. അങ്ങനെ ഇരുന്നു 10 വര്‍ഷമായി.

അച്ചടിച്ച് വന്നപ്പോള്‍ വളരെ ഹാര്‍ഷായിട്ട് എനിക്ക് തോന്നി. ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്ന് ഞാന്‍ വിചാരിച്ചു. ക്ലോസ് ഫ്രണ്ട്‌സും റിലേറ്റീവ്‌സും എന്നോട് ഇതിനെ പറ്റി ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞത് ഒന്നാണ് വന്നത് വേറെന്നാണെന്ന് അവരോടെല്ലാം പറഞ്ഞു.

ഇപ്പോള്‍ എനിക്കെന്തൊക്കെ പറയാനുണ്ടോ അതെല്ലാം ഒന്നിച്ചാക്കി പുതിയ സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് പറയും. അതില്‍ പ്രധാനപ്പെട്ട കാര്യം അവിടെ പോയി എന്‍ നെഞ്ചുക്കുളെ കുടിയിറുക്കും എന്ന് പറയുമ്പോള്‍ അത്രയും പേരുടെ മനസില്‍ ഞാനുണ്ടല്ലോ എന്ന ഒരു ഉണര്‍വുണ്ടാകും. അത് വലിയ സന്തോഷമാണ്,’ വിജയ് പറഞ്ഞു.

ഏപ്രില്‍ 13 നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേ ആണ് നായിക. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Vijay reveals why he has not given any interviews for 10 years