ചെന്നൈ: പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ബില്‍ ഭരണഘടന വിരുദ്ധമാണെന്നാണ് വിജയ് ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്. മുമ്പ് തമിഴ്‌നാടില്‍ നിന്ന് ഡി.എം.കെയും ഇതേ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വഖഫ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചവരില്‍ എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഒവൈസിയും, കോണ്‍ഗ്രസ് എം.പിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി, എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാന്‍, ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ ചന്ദ്രശേഖര്‍ ആസാദ് എന്നിവരും ഉള്‍പ്പെട്ടിരുന്നു. വഖഫ് നിയമം മുസ്‌ലിം സമൂഹത്തോടുള്ള വിവേചനമാണെന്നും ഈ നിയമം മുസ്‌ലിങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.
അതേസമയം വഖഫ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പതിനഞ്ചോളം ഹരജികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തടസ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ തടസ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് വിവാദമായ വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെക്കുറിച്ചുള്ള 12 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കിയത്.
ലോക്സഭയില്‍ ഏപ്രില്‍ മൂന്നിനാണ് വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. 288 വോട്ടുകള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. തുടര്‍ന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ടതിനു ശേഷം തള്ളുകയായിരുന്നു. മാര്‍ച്ച് അഞ്ചിന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചതോടെ ബില്‍ നിയമമാകുകയും ചെയ്തു.
അതേസമയം വഖഫ് ബില്ലിനെതിരായ പശ്ചിമ ബംഗാളിലും ത്രിപുരയിലും പ്രതിഷേധം ശക്തമാവുകയാണ്. ബംഗാളിലെ മുര്‍ഷിദാബില്‍ ഇന്നലെ നടന്നപ്രതിഷേധത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ഷിദാബാദ് ഏപ്രില്‍ എട്ട് മുതല്‍ സംഘര്‍ഷഭരിതമാണ്.
സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.
ത്രിപുരയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 18ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
Content Highlight: Vijay moves Supreme Court against amendment in Waqf Act