Entertainment news
എന്റെ സ്‌ക്രിപ്റ്റ് മോഷ്ടിച്ച് അദ്ദേഹം സിനിമ ചെയ്തു, കഥയറിയാവുന്ന ഭരതേട്ടന്‍ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ ചോദ്യം ചെയ്തു: വിജയ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 01, 09:02 am
Saturday, 1st February 2025, 2:32 pm

മലയാളത്തില്‍ നടനായും സംവിധായകനായും തിളങ്ങിയ വ്യക്തിയാണ് വിജയ് മേനോന്‍. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്രയില്‍ നായകനായിട്ടാണ് വിജയ് മേനോന്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ഏതാനും സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തന്റെ ആദ്യ സ്‌ക്രിപ്റ്റ് മോഷ്ടിക്കപ്പെടുകയും അത് പിന്നീട് ഒരു ഹിറ്റ് സിനിമയായി വരികയും ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ആ സിനിമയുടെ പേരോ സംവിധായകന്റെയോ സിനിമയില്‍ അഭിനയിച്ചവരുടെയോ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

അത് തന്റെ കഥയാണെന്ന് സംവിധായകന്‍ ഭരതന് അറിയാമായിരുന്നു എന്നും സിനിമയുടെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ ഭരതന്‍ ഇത് ചോദ്യം ചെയ്തിരുന്നു എന്നും വിജയന്‍ മേനോന്‍ പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആദ്യത്തെ സ്‌ക്രിപ്റ്റിന് ഞാന്‍ ടൈറ്റില്‍ വെച്ചത് എല്ലാം വില്‍പനക്ക് എന്നായിരുന്നു. അതിലേക്ക് കാസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ച ഒരാളിന്റെ അടുത്തേക്ക് ഞാന്‍ ഇതുമായി പോയി. അദ്ദേഹം മലയാള സിനിമയിലെ ഒരു സംവിധായകനുമായിരുന്നു. അദ്ദേഹത്തോട് ഞാന്‍ മുഴുവന്‍ കഥയും പറഞ്ഞു.

അദ്ദേഹം കരുതിയത് ഞാന്‍ ഇത് ഡിസ്‌കസ് ചെയ്യാന്‍ വന്നതാണെന്നാണ്. ആരാണ് ലീഡിങ് റോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ താങ്കള്‍ തന്നെയാണെന്ന് പറഞ്ഞു. ഭാര്യ സമ്മതിക്കുമെന്ന് തോന്നുന്നില്ല എന്ന് അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയുമായി ഞാന്‍ സംസാരിച്ചു.

ഞാനാണെങ്കില്‍ അദ്ദേഹം അഭിനയിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ഈ സമയം അദ്ദേഹം മൂന്ന് മാസങ്ങള്‍ക്ക് ശേഷം നമുക്ക് ചെയ്യാമെന്ന് സമ്മതിച്ചു. ഞാന്‍ സിനിമയുടെ ലൊക്കേഷനും മറ്റും ശരിയാക്കി. അങ്ങനെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ചു വന്നു.

തിരിച്ചു വന്ന അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ അടുത്ത പടത്തിന്റെ പ്രിവ്യൂ കാണാന്‍ ക്ഷണിച്ചു. പ്രിവ്യൂ തുടങ്ങി മൂന്ന് റീല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. ഞാന്‍ എഴുതിയ അതേ സ്‌ക്രിപ്റ്റായിരുന്നു അത്. അദ്ദേഹത്തിന്റെ സ്റ്റൈലിന് വേണ്ടി കുറച്ചൊക്കെ വ്യത്യാസം വരുത്തിയിട്ടുണ്ടായിരുന്നു.

പ്രിവ്യൂ കഴിഞ്ഞ് വൈകീട്ട് ഞങ്ങളെല്ലാവരും ഹോട്ടലില്‍ ഒരുമിച്ച് കൂടി. അവിടെ ഭരതേട്ടന്‍ അദ്ദേഹത്തോട് എന്ത് പരിപാടിയാണ് കാണിച്ചത്, ഇത് അവന്റെ കഥയല്ലേ എന്ന് ചോദിച്ചു. കാരണം എന്റെ കഥ ഭരതേട്ടനും അറിയാമായിരുന്നു. പക്ഷെ, അദ്ദേഹം വളരെ കൂളായി മറുപടി പറഞ്ഞത് അവന്‍ വേറെ എഴുതിക്കോളുമെന്നാണ്,’ വിജയ് മേനോന്‍ പറഞ്ഞു.

അവതാരകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ആ സിനിമയുടെയോ സംവിധായകന്റെയോ അതില്‍ അഭിനയിച്ചവരുടെയോ പേരുകള്‍ വ്യക്തമാക്കാന്‍ വിജയ് മേനോന്‍ തയ്യാറായില്ല. ആ സിനിമ വലിയ ഹിറ്റായെന്നും അത് കോപ്പിയടിയായിരുന്നില്ല മോഷണം തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

content highlights: Vijay Menon talks about having his first script stolen