Entertainment news
എന്റെ ആദ്യ സ്‌ക്രിപ്റ്റ് മോഷ്ടിച്ച് ആ സംവിധായകന്‍ ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായി: വിജയ് മേനോന്‍

 

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കഴിവുതെളിയിച്ചയാളാണ് വിജയ് മേനോന്‍. ചീറ്റീങ് സ്റ്റാര്‍, കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നത് പോലെ മലയാള സിനിമിയിലെ ‘സൈക്കോ ഡോക്ടര്‍ സ്റ്റാര്‍’ എന്ന വിളിപ്പേരും സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ താന്‍ സംവിധാനം ചെയ്യാനിരുന്ന ആദ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിജയ് മേനോന്‍. താന്‍ തിരക്കഥയെഴുതി ഒരു സംവിധായകനെ കൊണ്ട് അഭിനയിപ്പിക്കാനിരുന്ന ചിത്രം താനറിയാതെ ആ സംവിധായകന്‍ സിനിമയാക്കിയെന്നും ആ ചിത്രം ഗംഭീര വിജയമായി മാറിയെന്നുമാണ് അദ്ദേഹം പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് മേനോന്‍.

‘എന്റെ ആദ്യ ചിത്രത്തിന് എല്ലാം വില്‍പനയ്ക്ക് എന്നാണ് ഞാന്‍ ടൈറ്റില്‍ നല്‍കിയിരുന്നത്. ഞാന്‍ തിരക്കഥയെഴുതിക്കഴിഞ്ഞ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനായി ഒരു ലീഡിങ് സംവിധായകന്റെയടുത്ത് പോയി. പുള്ളിയെയാണ് ഞാന്‍ മനസില്‍ കണ്ടത്.

എന്റെ സുഹൃത്തിനൊപ്പം ചെന്ന് കഥ മുഴുവന്‍ പറഞ്ഞുകേള്‍പ്പിച്ചു, അവര്‍ക്കത് ഇഷ്ടപ്പെടുകയും ചെയ്തു. അഭിനയിക്കുന്നത് താനാണെന്നറിപ്പോള്‍ പുള്ളി ആകെ ഒന്ന് ഷോക്കായി. വൈഫ് സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു.

ഞാന്‍ അവരുമായി സംസാരിച്ച് കാര്യങ്ങളെല്ലാം ശരിയാക്കി. മൂന്ന് മാസത്തേക്ക് ഈ പ്രൊജക്ട് ഒന്ന് തള്ളിവെക്ക് ഞാന്‍ തിരുവനന്തപുരത്ത് ഒന്ന് പോയിവരാമെന്ന് പറഞ്ഞു.

ഞങ്ങള്‍ സിനിമയുടെ ലൊക്കേഷനെല്ലാം നോക്കി ശരിയാക്കി വെക്കുമ്പോള്‍ മൂന്ന് മാസം കഴിഞ്ഞ് അയാള്‍ തിരിച്ചുവന്നു. പുള്ളിയുടെ അടുത്ത പടത്തിന്റെ പ്രീവ്യൂ ഉണ്ട്, ഞാന്‍ ഒന്ന് വന്ന് കാണണം എന്ന് പറഞ്ഞു. അന്ന് റെഗുലറായി ചേംബറില്‍ സിനിമകളുടെ പ്രീവ്യൂകള്‍ ഉണ്ടായിരുന്നു.

ചേംബറില്‍ പോയി, പടം ഇട്ടു, കാണാന്‍ തുടങ്ങി. ഒരു റീലായി, രണ്ട് റീലായി, മൂന്നാമത്തെ റീലായപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ എഴുതിക്കൊടുത്ത പടം ഇങ്ങനെ വരികയാണ്. ഫുള്‍ സിനിമയും സ്‌ക്രീനില്‍ ഇങ്ങനെ വരികയാണ്. അയാളുടെ സ്റ്റൈലിന് അനുസരിച്ച് കുറച്ചൊക്കെ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് മാത്രം.

അന്ന് വൈകീട്ട് ഞങ്ങളെല്ലാവരും മുറിയില്‍ ഒത്തുകൂടി. ഇത് ഞാന്‍ ചെയ്യാനിരുന്ന സിനിമയാണ് ഇതെന്ന് ഭരതേട്ടന് അറിയാമായിരുന്നു. എല്ലാം ഞാന്‍ ഭരതേട്ടനോട് പറഞ്ഞിരുന്നു.

നീയെന്താണ് കാണിച്ചത്, ഇത് അവന്റെ സിനിമയല്ലേ എന്ന് എല്ലാവരും ചോദിച്ചു. പുള്ളി വളരെ കൂളായി ‘ അവന്‍ വേറെ എഴുതിക്കോളും, നമുക്ക് അറിയുന്നതല്ലേ’ എന്നാണ് പറഞ്ഞത്. അങ്ങനെ അതങ്ങ് പോയി,’ വിജയ് മേനോന്‍ പറഞ്ഞു.

ആ സിനിമ വളരെ നന്നായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടെന്നും സൂപ്പര്‍ ഹിറ്റായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവതാരകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും സിനിമയുടെ പേരോ സംവിധായകന്റെ പേരോ വിജയ് മേനോന്‍ പറഞ്ഞില്ല. അത് കോപ്പിയടിയായിരുന്നില്ല, മോഷണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight:  Vijay Menon says his first script was stolen and became a super hit for that director