ഒരൊറ്റ ഒപ്പിട്ടാല്‍ വിജയ് മല്യ ഇന്ത്യയിലെത്തും; ബ്രിട്ടണില്‍ തുടരാനുള്ള അവസാന കച്ചിതുരുമ്പും തേടി വിവാദ വ്യവസായി
national news
ഒരൊറ്റ ഒപ്പിട്ടാല്‍ വിജയ് മല്യ ഇന്ത്യയിലെത്തും; ബ്രിട്ടണില്‍ തുടരാനുള്ള അവസാന കച്ചിതുരുമ്പും തേടി വിവാദ വ്യവസായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 9:21 am

ലണ്ടന്‍: ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നു രക്ഷ നേടാനായി ബ്രിട്ടണില്‍ തന്നെ തുടരാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി വിവാദ വ്യവസായി വിജയ് മല്യ. യു.കെ ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേലിനോട് ബ്രിട്ടണില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ വിജയ് മല്യ ചോദിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. സാമ്പത്തിക പാപ്പരത്തവുമായി ബന്ധപ്പെട്ട കേസുകളില്‍ വിജയ് മല്യക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഫിലിപ്പ് മാര്‍ഷലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘തിരിച്ചയക്കാനുള്ള ആവശ്യം അംഗീകരിച്ചുവെന്നത് ശരിയാണ്. പക്ഷെ വിജയ് മല്യ ഇവിടെ തന്നെ തുടരുന്നു എന്നതിന് അര്‍ത്ഥം ബ്രിട്ടണില്‍ തുടരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെന്നതാണല്ലോ.’ ഫിലിപ്പ് മാര്‍ഷല്‍ പറഞ്ഞു.

വിജയ് മല്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടണെ സമീപിച്ചതിന് പിന്നാലെ ഈ നടപടിക്കെതിരെ വിജയ് മല്യ യു.കെ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഹരജി യു.കെ സുപ്രീം കോടതി തള്ളുകയായിരുന്നു.

നിലവില്‍ ജാമ്യത്തിലാണ് വിജയ് മല്യ ബ്രിട്ടണില്‍ തുടരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള ഉത്തരവില്‍ യു.കെ സെക്രട്ടറി ഒപ്പ് വെച്ചാല്‍ ഉടന്‍ തന്നെ വിജയ് മല്യക്ക് ബ്രിട്ടണ്‍ വിടേണ്ടി വരും.

വിജയ് മല്യയെ മടക്കി അയക്കുന്നതിന് മുന്‍പ് അതീവ രഹസ്യമായ ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് യു.കെ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ വിജയ് മല്യക്ക് ബ്രിട്ടണ്‍ അഭയം നല്‍കുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ ബ്രിട്ടണില്‍ അഭയം നല്‍കാന്‍ ആവശ്യപ്പെട്ട് വിജയ് മല്യ സമര്‍പ്പിച്ച ഹരജിയില്‍ ബ്രിട്ടണ്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം ഈ അപേക്ഷ തള്ളിയിട്ടുമില്ല.

മടക്കി അയക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചതിന് മുന്‍പാണോ ശേഷമാണോ വിജയ് മല്യ അഭയം ആവശ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയായിരിക്കും വിജയ് മല്യയുടെ അപേക്ഷയില്‍ നടപടിയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളിലാണ് വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ അന്വേഷണം നേരിടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Mallya Applies For “Another Route” To Stay In UK, Says Lawyer