മലയാളസിനിമയില്‍ ഇന്ന് മിനിമം ഗ്യാരന്റിയുള്ള നടന്മാരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. അസിസ്റ്റന്റ ഡയറക്ടറായി സിനിമയിലേക്കെത്തിയ ബേസില്‍ സംവിധായകനായി മൂന്ന് സൂപ്പര്‍ഹിറ്റുകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. കോമഡി വേഷങ്ങളില്‍ തിളങ്ങിയ ബേസില്‍ ജാന്‍ ഏ മന്‍ എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.
ഓരോ സിനിമ കഴിയുന്തോറും തന്നിലെ അഭിനേതാവിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന നടനായി ബേസില്‍ മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പൊന്മാനില്‍ മികച്ച പ്രകടനമാണ് ബേസില്‍ കാഴ്ചവെച്ചത്. ചിത്രത്തില്‍ അജേഷ് പി.പി എന്ന കഥാപാത്രത്തെ ബേസില്‍ അവതരിപ്പിച്ച രീതിയെ അഭിനന്ദിച്ച് അനുരാഗ് കശ്യപ് വരെ രംഗത്തെത്തിയിരുന്നു.
തമിഴ് നടന്‍ ചിയാന്‍ വിക്രം പൊന്മാന്‍ കണ്ട് തന്നെ വിളിച്ചെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. സിനിമയെപ്പറ്റിയും തന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം ഒരുപാട് നേരം സംസാരിച്ചെന്നും ബേസില്‍ പറഞ്ഞു. തന്നെപ്പോലൊരു നടനെ വിളിച്ച് സംസാരിക്കാന്‍ സമയം കണ്ടെത്തിയത് വലിയൊരു കാര്യമായി താന്‍ കരുതുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ വിക്രമിന്റെ വലിയൊരു ഫാനാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ബേസില്‍ പറയുന്നു. ശ്രീലങ്കയില്‍ ഷൂട്ടിന് പോയപ്പോള്‍ ആ നാട്ടിലുള്ള ഒരാള്‍ തന്നെ തിരിച്ചറിഞ്ഞെന്നും അതെല്ലാം വലിയ അംഗീകാരമായി കരുതുന്നുണ്ടെന്നും ബേസില്‍ പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
‘പൊന്മാന്‍ സിനിമ കണ്ടിട്ട് വിളിച്ചവരില്‍ തമിഴ് നടന്‍ ചിയാന്‍ വിക്രം സാറും ഉണ്ട്. അദ്ദേഹം എന്നെ വിളിച്ച് സിനിമ കണ്ടെന്നും ഒരുപാട് ഇഷ്ടമായെന്നും പറഞ്ഞു. ഒരുപാട് നേരം സിനിമയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തെപ്പോലൊരു വലിയ നടന്‍ എന്നെ വിളിച്ച് സംസാരിക്കാനും എന്റെ സിനിമ കാണാനും സമയം മാറ്റിവെച്ചിട്ടുണ്ടെന്നും അറിയുമ്പോള്‍ സന്തോഷമുണ്ട്.
ഞാന്‍ വിക്രം സാറിന്റെ വലിയൊരു ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്. പുതിയ സിനിമയുടെ ഷൂട്ടിന് വേണ്ടി ശ്രീലങ്കയിലേക്ക് പോയപ്പോള്‍ അവിടെയുള്ള ഒരാള്‍ എന്നെ തിരിച്ചറിഞ്ഞു. ജയ ജയ ഹേയും ഗുരുവായൂരമ്പല നടയിലും ഒക്കെ കണ്ടിട്ടുണ്ടെന്ന് അയാളുടെ അമ്മ വീഡിയോ കോളിലൂടെ പറഞ്ഞു. അവിടെ നമ്മള്‍ ഇന്ത്യന്‍ ആക്ടറാണ്. ഒ.ടി.ടി കൊണ്ട് ഉണ്ടായ നല്ല കാര്യമാണ് അതൊക്കെ,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph says that Chiyaan Vikram called and appreciated him after Ponman