മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മൂന്നാം ജയം. ഏഴു റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഉയര്‍ത്തിയ 352 വിജയലക്ഷ്യത്തിലേക്ക് വീറോടെ ബാറ്റേന്തിയ റെയില്‍വേസ് 49.4 ഓവറില്‍ 344 റണ്‍സിന് എല്ലാവരും പുറത്തായി.
അവസാന ഓവറിലെ രണ്ടു വിക്കറ്റടക്കം മൂന്ന് പേരെ പുറത്താക്കിയ എം.ഡി നിധീഷാണ് കേരളത്തിന് ജയമൊരുക്കിയത്.
മൃണാള്‍ ദേവ്ധര്‍ (79) അരിന്ദം ഗോഷ് (64) സൗരഭ് സിങ് അര്‍ധ സെഞ്ചുറിയുമായി (50) ഹര്‍ഷ് ത്യാഗി (58) എന്നിവരാണ് റെയില്‍വേസിനായി തിളങ്ങിയത്.
കേരളത്തിനായി ശ്രീശാന്ത്, ബേസില്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം, ഓപ്പണര്‍മാരുടെ സെഞ്ചുറി മികവിലാണ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തത്.
കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.
104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്‌സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്‌സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി.
പിന്നാലെ സഞ്ജു സാംസന്റെ വെടിക്കെട്ട് കൂടിയായതോടെ കേരളത്തിന്റെ സ്‌കോര്‍ കുതിച്ചു. വെറും 29 പന്തില്‍ നിന്ന് നാലു സിക്‌സും ആറു ഫോറുമടക്കം 61 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.
തുടര്‍ന്ന് 34 പന്തില്‍ നിന്ന് 46 റണ്‍സോടെ പുറത്താകാതെ നിന്ന വത്സല്‍ ഗോവിന്ദാണ് കേരളത്തെ 350 കടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക