World News
മാര്‍പാപ്പ ലോകത്ത് ജൂതവിരുദ്ധത പ്രചരിപ്പിച്ചതില്‍ പ്രധാനി; ഇസ്രഈല്‍ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കരുത്: മുന്‍ ഇസ്രഈല്‍ അംബാസിഡര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 10:23 am
Tuesday, 22nd April 2025, 3:53 pm

ടെല്‍ അവീവ്: അന്തരിച്ച കത്തോലിക്ക മത അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ ഇസ്രഈല്‍ അംബാസിഡര്‍.

മാര്‍പാപ്പ ജൂതവിരുദ്ധന്‍ ആയിരുന്നെന്നും അതിനാല്‍ ഇസ്രഈലി പ്രതിനിധികള്‍ ഒന്നും തന്നെ അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ഇറ്റലിയിലെ മുന്‍ ഇസ്രഈല്‍ അംബാസിഡറായ ദോര്‍ എദോര്‍ ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒക്ടോബര്‍ ഏഴിന് ശേഷം ലോകത്ത് ജൂതവിരുദ്ധത പ്രചരിപ്പിച്ചതില്‍ പ്രധാനിയാണ് മാര്‍പാപ്പയെന്നും യുദ്ധത്തിലുടനീളം അദ്ദേഹം ഇസ്രഈലിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും എദോര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ആക്രമണം നടന്നപ്പോള്‍ അദ്ദേഹം ഇസ്രഈലികള്‍ക്ക് വേണ്ടി ഒരു വാക്ക് പോലും സംസാരിച്ചില്ലെന്നും എദോര്‍ വിമര്‍ശിച്ചു.

യുദ്ധത്തിലുടനീളം, വിഷം ചീറ്റുന്ന വാക്കുകളാല്‍ ഇസ്രഈലിനെ വിമര്‍ശിച്ച മാര്‍പാപ്പ ഗാസയിലെ കുട്ടികളെ ആവര്‍ത്തിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇസ്രഈലിലെ കുട്ടികളെ ഒഴിവാക്കിയെന്നും മുന്‍ ഇസ്രഈലി സ്ഥാനപതി പറഞ്ഞു.

‘ജോര്‍ജ്ജ് മരിയോ ബെര്‍ഗോഗ്ലിയോയുടെ ശവസംസ്‌കാര ചടങ്ങില്‍ ഇസ്രഈല്‍ പങ്കെടുക്കരുത്. അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയാണന്നത് ശരിയാണ്. എന്നാല്‍ ഒക്ടോബര്‍ ഏഴിന് ശേഷം ലോകത്ത് യഹൂദ വിരുദ്ധതയുടെ അലയൊലികള്‍ ഉയര്‍ന്നതിന്റെ ഏറ്റവും വലിയ ഉത്തരവാദി ഈ മാര്‍പാപ്പയാണ്.

കൂട്ടക്കൊല നടന്നതിന്റെ പിറ്റേന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പ്രഭാഷണം നടത്തിയ അദ്ദേഹം ദൈവജനത്തോട് കാട്ടാളന്മാര്‍ ചെയ്തതിനെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. യുദ്ധത്തിലുടനീളം, വിഷം ചീറ്റുന്ന വാക്കുകളാല്‍ അദ്ദേഹം ഇസ്രഈലിനെ വിമര്‍ശിച്ചു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗസയിലെ കുട്ടികളെ ആവര്‍ത്തിച്ച് പരാമര്‍ശിക്കുമ്പോഴും ഇസ്രലിലെ കുട്ടികളെ ഒഴിവാക്കി,’ എദോര്‍ എക്‌സില്‍ കുറിച്ചു.

അതേസമയം മാര്‍പാപ്പയുടെ ഭൗതിക ശരീരം നാളെമുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഏപ്രില്‍ 26നാണ് മാര്‍പാപ്പയുടെ അന്തിമ ശവസംസ്‌കാരം നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും മൂലമാണെന്ന് വത്തിക്കാന്‍ ഇന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.

മാര്‍പ്പാപ്പയുടെ മരണപത്രവും വത്തിക്കാന്‍ പുറത്ത് വിട്ടിട്ടുണ്ട്. അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണം എന്നാണ് മാര്‍പ്പാപ്പ മരണപത്രത്തില്‍ പറയുന്നത്. മുന്‍ മാര്‍പ്പാപ്പാമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്.

Content Highlight: Pope is key in spreading anti-Semitism in the world; Israeli representatives should not attend his funeral: Former Israeli ambassador