തമിഴിലെ മികച്ച പ്രണയസിനിമകളിലൊന്നാണ് 2018ൽ റിലീസായ 96. റാമിന്റെയും ജാനുവിന്റെയും പറയാൻ പറ്റാതെ പോയ പ്രണയം ഇന്നും പലരുടെയും ഉള്ളിൽ വിങ്ങൽ നൽകുന്ന ഒന്നാണ്. റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും മികച്ച പെർഫോമൻസാണ് കാഴ്ചവെച്ചത്. പ്രണയത്തോടൊപ്പം സ്‌കൂൾ കാലഘട്ടത്തിലെ നൊസ്റ്റാൾജിയയും ചിത്രം പ്രേക്ഷകർക്ക് നൽകി.
ഇപ്പോൾ 96 എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടൻ വിജയ് സേതുപതി. സംവിധായകൻ പ്രേംകുമാർ തന്റെ അടുത്ത് കഥ പറയാനായി വന്നപ്പോൾ ഏതെങ്കിലും കൊറിയൻ സിനിമയുടെ കോപ്പിയടി ആയിരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിൽ തുടിപ്പ് തോന്നിയെന്നും വിജയ് സേതുപതി പറയുന്നു.
വർഷങ്ങളായി സ്‌കൂൾ സുഹൃത്തുക്കളോടൊപ്പം റീയൂണിയനിൽ പങ്കെടുക്കാറുണ്ടെന്നും ആ നൊസ്‌റ്റാൾജിയയുള്ളതുകൊണ്ട് കഥ വല്ലാതെ ഇഷ്ടമായിരുന്നുവെന്നും സേതുപതി പറഞ്ഞു. മുമ്പ് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.
‘സംവിധായകൻ സി. പ്രേംകുമാർ ഒരു കഥ പറയാനുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഏതോ കൊറിയൻ സിനിമ കോപ്പിയടിച്ചതാകുമെന്നാണ്. പക്ഷേ, കേട്ടുകഴിഞ്ഞപ്പോൾ ഉള്ളിലൊരു തുടിപ്പ്.1996ൽ തഞ്ചാവൂരിലെ സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ ഒരുകൂട്ടം വിദ്യാർഥികൾ 20 വർഷത്തിന് ശേഷം കൂടിച്ചേർന്ന കഥയാണ്. അതിൽ നൊസ്റ്റാൾജിയയുടെ കുളിരുമാത്രമല്ല, രാമചന്ദ്രന് ജാനുവിനോടുള്ള ഉള്ളുതൊട്ട പ്രണയവുമുണ്ട്.
എട്ടു വർഷമായി സ്‌കൂൾ സുഹൃത്തുക്കളോടൊപ്പം റീയൂണിയനിൽ പങ്കെടുക്കാറുണ്ട് ഞാൻ. ആ നൊസ്‌റ്റാൾജിയയുള്ളതുകൊണ്ട് കഥ വല്ലാതെ ഇഷ്ടമായി. ഓപ്പണിങ് സോങ്ങാണ് കുറച്ച് ബുദ്ധിമുട്ടി ചെയ്‌തത്. ആൻഡമാനിലാണ് ആദ്യത്തെ ഷോട്ടുകൾ. പിന്നെ കൊൽക്കത്ത, ജയ്‌പൂർ, ജയ്‌സാൽ മീർ, കുളു മണാലി… രാത്രി മുഴുവൻ യാത്ര ചെയ്ത് ഓരോ സ്ഥലത്തേക്കെത്തും പകൽ ഷൂട്ടിങ് അത് കഴിഞ്ഞ് പിന്നെയും യാത്ര. ഈ യാത്രകൾക്കിടെ കാറിൽ സുഖമായി കിടന്നുറങ്ങും.
സിനിമാരംഗത്ത് എന്നേക്കാൾ വളരെ സീനിയറാണ് തൃഷ. അവരെ നേരിൽ കാണുന്നതുവരെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ അടുത്ത വീട്ടിലെ കുട്ടിയെ പോലെ വളരെ അടുപ്പത്തിൽ ഇടപെട്ട് അവർ സീൻ കൂളാക്കി. മിക്ക ഷോട്ടുകളും ആദ്യ ടേക്കിൽ തന്നെ ഓക്കെയായി. ആ സെറ്റിൻ്റെ എനർജിയായിരുന്നു അതിന് കാരണം,’ വിജയ് സേതുപതി പറയുന്നു.
Content highlight: Vijay Sethupathi talks about 96 movie