കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. പീഡനക്കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണു നടത്തിയത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.
അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ വിജയ്ബാബു അപമാനിക്കരുതെന്നും കോടതി താക്കീത് നല്‍കി.
മാര്‍ച്ച് 16, 22 തീയതികളില്‍ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം കോടതി പരിഗണിച്ചത്. പരാതിക്കാരിയായ നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്നും വിജയ് ബാബു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി നേരത്തെ തീര്‍പ്പാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനുപിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.