2022 ഏഷ്യാ കപ്പില്‍ വിജയത്തോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ അതിര്‍ത്തി കടക്കുമ്പോള്‍ ഇന്ത്യന്‍ ഡഗ് ഔട്ട് ആവേശത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ടി-20 ലോകകപ്പിലേറ്റ പരാജയം മറക്കാന്‍ തന്നെ പോന്നതായിരുന്നു ഇന്ത്യയുടെ വിജയം.
സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി ടീമിനൊപ്പം ഇല്ലാതിരുന്നിട്ടും പാകിസ്ഥാന്റെ പേസാക്രമണത്തിന് കുറവൊന്നും വന്നിരുന്നില്ല. യുവതാരം നസീം ഷായായിരുന്നു കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്റെ ബൗളിങ്ങിനെ നയിച്ചത്.
മത്സരത്തില്‍ ഇന്ത്യയായിരുന്നു ജയിച്ചതെങ്കിലും, ആരാധകരുടെ സ്‌നേഹവും അഭിനന്ദനവും ഏറ്റുവാങ്ങാന്‍ ആ 19കാരന് സാധിച്ചിരുന്നു. കളിക്കിടയില്‍ പേശി വലിവ് മൂലം ബൗള്‍ ചെയ്യാന്‍ പോലും കഴിയാതിരുന്ന താരം വേദന സഹിച്ചായിരുന്നു ഓരോ പന്തും എറിഞ്ഞു തീര്‍ത്തത്.
ഇതിന് മുമ്പ് മികച്ച രീതിയിലായിരുന്നു താരം പന്തെറിഞ്ഞത്. രാഹുലിനെ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കിയ നസീം ഷാ, മറ്റ് ബാറ്റര്‍മാരെയും പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ അര്‍ഹമായ വിജയം ഇല്ലാതാക്കാന്‍ ഇതൊന്നും പോന്നതായിരുന്നില്ല.
പരിക്കേറ്റ് കളിക്കളത്തില്‍ കിടന്ന് കരഞ്ഞ ഷായായിരുന്നു തോല്‍വിയേക്കാളേറെ പാകിസ്ഥാന്‍ ആരാധകരെ നിരാശപ്പെടുത്തിയത്.
തന്റെ അവസാന ഓവറും എറിഞ്ഞ് പൂര്‍ത്തിയാക്കി പൊട്ടിക്കരഞ്ഞുകൊണ്ട് കളം വിട്ട നസീം ഷായുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
Naseem Shah going out after his final over. pic.twitter.com/2FMfG2MjAf
— Taimoor Zaman (@taimoorze) August 29, 2022
അതേസമയം, അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയത് പാകിസ്ഥാന്‍ 147 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. രോഹിത് ശര്‍മയും ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാതെ പതറുകയായിരുന്നു.
മൂന്നാമനായി എത്തിയ വിരാട് കോഹ്‌ലി റണ്ണുയര്‍ത്തിയെങ്കിലും ടീമിന് വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ല. കോഹ്‌ലിയും പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി.
സൂര്യകുമാറും ജഡ്ഡുവും സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും സൂര്യകുമാര്‍ പുറത്തായത് വീണ്ടും ഇന്ത്യക്ക് തിരിച്ചടിയായി.
എന്നാല്‍ ആറാമനായി ഹര്‍ദിക് പാണ്ഡ്യ എത്തിയതോടെ കളി മാറി. ജയമുറപ്പിച്ച പാകിസ്ഥാന്‍ താരങ്ങളുടെ നെറുകില്‍ ഇടിത്തീ പോലെയായിരുന്നു പാണ്ഡ്യ അവതരിച്ചത്.
സാധാരണ മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ സമ്മര്‍ദത്തിന് അടിമപ്പെടുമായിരുന്ന സാഹചര്യമായിരുന്നു അത്. എന്നാല്‍ സമ്മര്‍ദ്ദമേതുമില്ലാത ബാറ്റ് വീശിയ ഹര്‍ദിക് ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തു.
മൂന്ന് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്ന ക്ലാസിക് സിക്‌സര്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
ഓഗസ്റ്റ് 31നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഹോങ് കോങ്ങാണ് എതിരാളികള്‍.
Content Highlight: Video of Naseem Shah crying after India vs Pakistan match goes viral