ന്യൂദല്‍ഹി: വിവാദമായ വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ബില്ലിന്റെ ഭരണഘടന സാധുതയ്‌ക്കെതിരെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് അറിയിച്ചത്.
ഇന്ത്യന്‍ ഭരണഘടനയിലെ തത്വങ്ങള്‍, വ്യവസ്ഥകള്‍, എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും കോണ്‍ഗ്രസ് ചെറുക്കുമെന്നും ജയറാം രമേശ് പറഞ്ഞു. 2019 ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ), 2005 ലെ വിവരാവകാശ നിയമത്തിലെ (ആര്‍.ടി.ഐ) ഭേദഗതികള്‍, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ (2024) ഭേദഗതികള്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമങ്ങള്‍ക്കെതിരേയും ഇതിനകം കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പോരാട്ടം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
14 മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെയോടെയാണ് രാജ്യസഭ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. രാജ്യസഭ ബില്‍ പാസാക്കിയതോടെ ബില്ലിന് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.
സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ടതിനുശേഷം സഭ തള്ളുകയായിരുന്നു. ലോക്സഭയില്‍ ബില്‍ പാസായി ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
അതേമയം കോണ്‍ഗ്രസ് വഖഫ് നിയമഭേദഗതിക്കെതിരെ നിയമപ്പോരാട്ടം നടത്തുമെന്ന് പറയുമ്പോഴും ബില്‍ രാജ്യസഭയില്‍ അവതരിച്ചപ്പോള്‍ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി സംസാരിക്കാതിരുന്നതും പ്രിയങ്ക സഭയില്‍ ഹാജരാകാതിരുന്നതും ഏറെ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു.
വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന അടുത്ത മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസ് എം.പിമാര്‍ നിര്‍ബന്ധമായും സഭയില്‍ വന്നിരിക്കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഏപ്രില്‍ ഒന്നിന് വിപ്പ് നല്‍കിയിരുന്നു.
വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക ഗാന്ധി സഭയിലെത്തുകയോ വോട്ടെടുപ്പില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു ബില്‍ അവതരണ സമയത്ത് പ്രതിപക്ഷത്തിലെ പ്രധാന പാര്‍ട്ടിയിലൊന്നായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിട്ട് നില്‍ക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്ന് മറ്റ് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയാകട്ടെ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ വളരെ വൈകിയാണ് സഭയിലെത്തിയത്. എന്നിട്ടും ബില്ലിനെതിരെ രാഹുല്‍ ഒന്നും സംസാരിച്ചില്ല എന്നതും വിമര്‍ശനത്തിന് വഴിതെളിച്ചു.
Content Highlight: Congress prepares to approach Supreme Court against Waqf Act amendment