Advertisement
Entertainment
അന്ന് എല്ലാവരും വന്ന് എന്നെ പൊതിഞ്ഞു, എനിക്കപ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു: സായി കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 26, 02:34 am
Saturday, 26th April 2025, 8:04 am

1989ല്‍ സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തി മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് റാംജി റാവു സ്പീക്കിങ്. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. ഫാസിൽ, അപ്പച്ചൻ എന്നിവരാണ് ചിത്രം നിർമിച്ചത്.

ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സായി കുമാർ.

നാല് ദിവസത്തേക്ക് തിയേറ്ററിൽ ആരുമുണ്ടായിരുന്നില്ലെന്നും ഫസ്റ്റ് ഡേ കഴിഞ്ഞ് താൻ സുഹൃത്തുക്കളെ വിട്ട് അന്വേഷിപ്പിച്ചുവെന്നും അവിടെ 15 പേരാണ് അപ്പോൾ ഉണ്ടായിരുന്നതെന്നും സായി കുമാർ പറയുന്നു.

സിനിമ പോയി എന്നാണ് സുഹൃത്ത് പറഞ്ഞതെന്നും താൻ മൂത്ത ചേച്ചിയുടെ വീട്ടിലേക്ക് പോയെന്നും സായി കുമാർ പറഞ്ഞു. താൻ നടനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായ രാജൻ കുന്നുംകുളത്തിനെ വിളിച്ചുവെന്നും അപ്പോൾ പടത്തിന് ആളില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സായി കുമാർ വ്യക്തമാക്കി.

അന്ന് ഇന്നസെൻ്റ് അത്ര വലിയ നടനായിട്ടില്ലെന്നും മുകേഷ് മോഹൻലാൽ ചിത്രം ബോയിങ് ബോയിങ് കഴിഞ്ഞ് നിൽക്കുകയായിരുന്നെന്നും ബാക്കിയുള്ള എല്ലാവരും പുതിയതായിരുന്നെന്നും ആകെ ഫാസിന്റെ ബാനർ മാത്രമേയുള്ളുവെന്നും സായി കുമാർ പറഞ്ഞു.

പിന്നീട് താൻ പെട്രോൾ അടിക്കാൻ പോയപ്പോഴാണ് ബാലകൃഷ്ണാ എന്ന വിളികേട്ടതെന്നും തന്നെ എല്ലാവരും വന്ന് പൊതിഞ്ഞുവെന്നും സായി കുമാർ പറയുന്നു. തനിക്കപ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നുവെന്നും സായി കുമാർ കൂട്ടിച്ചേർത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയാണ് സായി കുമാര്‍.

‘മൂന്നാല് ദിവസത്തേക്കൊന്നും കൊല്ലം തിയേറ്ററിൽ ആരുമുണ്ടായിരുന്നില്ല. ഫസ്റ്റ് ഡേ കഴിഞ്ഞ് ഞാൻ തിയേറ്ററിനടുത്ത് നമ്മുടെ സുഹൃത്തുക്കളെ വിട്ട് അന്വേഷിപ്പിച്ചു. അപ്പോൾ 15 പേരാണ് ഉണ്ടായിരുന്നത്. ‘പോയടെ പോയി’ എന്നാണ് ഒരാൾ പറഞ്ഞത്.

ഞാൻ പതുക്കെ എൻ്റെ മൂത്ത ചേച്ചിയുടെ വീട്ടിലേക്ക് വിട്ടു. ഞാൻ രാജൻ കുന്നംകുളത്തിനെ വിളിച്ചു. ‘സായി പടത്തിന് ആളില്ലടാ’ എന്നാണ് പറഞ്ഞത്.

 

അന്ന് ഇന്നസെന്റ് ചേട്ടനും അത്ര വലിയ ഒന്നും നടനൊന്നും അല്ല. മുകേഷ് പിന്നെ മോഹൻലാൽ സാറിന്റെ കൂടെ ബോയിങ് ബോയിങ് കഴിഞ്ഞ് നിൽക്കുവാണ്. കുട്ടേട്ടൻ ഒന്നുമല്ല, രേഖ പുതിയതാണ്. ഞാൻ പുതിയതാണ്. മ്യൂസിക് ഡയറക്ടർ പുതിയതാണ്. ഡയറക്ടേഴ്സ് പുതിയതാണ്. ആകെ ഫാസിൽ സാറിൻ്റെ ബാനർ മാത്രമേയുള്ളു. വേറെ എന്താണ് അതിൽ ഉള്ളത്?

പിന്നെ പെട്രോൾ അടിക്കാൻ പോയപ്പോൾ ആൾക്കാരൊക്കെ സിനിമക്ക് ക്യൂ നിൽക്കുന്നത് കണ്ടു. ഞാൻ വിചാരിച്ചത് വേറെ ഏതോ സിനിമയ്ക്ക് വേണ്ടിയാണെന്നാണ്.

ഞാൻ പെട്രോൾ അടിച്ചുകൊണ്ടിരുന്നതും ‘ബാലകൃഷ്ണാ’ എന്നൊരു വിളി കേട്ടു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ആ തിയേറ്ററിലെ ആൾക്കാരും അല്ലാത്ത ആൾക്കാരും കൂടിയെന്നെ പൊതിഞ്ഞു. എനിക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു,’ സായി കുമാർ പറയുന്നു.

Content Highlight: Sai Kumar saying Everyone came and hugged me that day, I didn’t know whether to cry or laugh