ലാഹോര്‍: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാന്‍. ഇന്ത്യ വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമാണ് പ്രതിവിധിയെന്നും പാകിസ്ഥാന്‍ ആണവായുധ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയിരുന്നു. ഈ തീരുമാനമാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.
ഇന്നലെയും സമാനമായി ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി ഉന്നയിച്ചുകൊണ്ട് പാകിസ്ഥാന്‍ സെനറ്റര്‍ ഷെറി റഹ്‌മാവും രംഗത്തെത്തിയിരുന്നു. സെനറ്റില്‍ സംസാരിക്കുന്നതിനിടെ ഇരു രാജ്യങ്ങളുടേയും പക്കല്‍ ആണവായുധങ്ങള്‍ ഉണ്ടെന്നും പാകിസ്ഥാനെ പരീക്ഷിക്കരുതെന്നും അവര്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഇന്നലെ (വെള്ളിയാഴ്ച്ച) ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ഇതേ ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കിയെന്നും അമേരിക്കക്ക് വേണ്ടിയാണ് കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്തതെന്നും ഖ്വാജ ആസിഫ് വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍ പലപ്പോഴും ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണയും ധനസഹായവും നല്‍കിയിരുന്നുവെന്നും ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഈ കാര്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. അമേരിക്കയ്ക്കും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തതെന്നായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
അത് പാകിസ്ഥാന് പറ്റിയ ഒരു തെറ്റായിരുന്നെന്നും പാക് പ്രതിരോധ മന്ത്രി സമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും തങ്ങള്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍, പാകിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് കുറ്റമറ്റതാകുമായിരുന്നെന്നും സ്‌കൈ ന്യൂസിനോട് ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഷയം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
പഹല്‍ഗാം ഭീകരാക്രണണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കശ്മീര്‍ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ സാന്നിധ്യം പാകിസ്ഥാന്റെ പല ഭാഗങ്ങളിലും ഉണ്ടെന്ന് ഇന്ത്യ അന്വേഷണത്തിലൂടെ കണ്ടെത്തി. ഇന്റലിജന്‍സ് വിവരങ്ങളുടേയും മറ്റ് അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇന്ത്യ ഇത് സ്ഥിരീകരിച്ചത്.
Content Highlight: War will break out if India does not provide water; Pakistan says India should not forget that they have nuclear weapons