2014ല്‍ പുറത്തിറങ്ങിയ ‘എയ്ഞ്ചല്‍സ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച് മലയാള സിനിമക്ക് വ്യത്യസ്ത ഗാനങ്ങളും മികച്ച സ്‌കോറിങ്ങുകളും നല്‍കിയ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. രണം, കിങ് ഓഫ് കൊത്ത, കടുവ, അയ്യപ്പനും കോശിയും, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങളുടെ സംഗീതം ശ്രദ്ധിക്കപ്പെട്ടിരുന്നു.
2021ല്‍ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍മൂര്‍ത്തിയും ജേക്‌സ് ബിജോയിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും.’വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് സിനിമ ലോകത്തിന്. ഇപ്പോള്‍ തുടരും സിനിമയെ കുറിച്ചും സിനിമയിലെ തന്റെ ഗാനത്തെ പറ്റിയും സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.
തുടരും സിനിമയില്‍ മോഹന്‍ലാലും ശോഭനയുമാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടി പോയെന്നും തരുണ്‍മൂര്‍ത്തി ഈ സിനിമയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ സിനിമ ചെയ്യാന്‍ ഒാക്കെയായിരുന്നുവെന്നും ജേക്‌സ് ബിജോയ് പറയുന്നു. കണ്‍മണിപൂവേ എന്ന ഗാനം ആലപിക്കാന്‍ തങ്ങളുടെ ചോയ്‌സ് എം.ജി.ശ്രീകുമാര്‍ ആയിരുന്നുവെന്നും ആ മുഴുവന്‍ പാട്ടിന്റെയും മേക്കിങ് പ്രോസസ് തനിക്ക് തന്റെ കുട്ടിക്കാലം പോലെ തോന്നിയെന്നും ജേക്‌സ് ബിജോയ് കൂട്ടിചേര്‍ത്തു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതൊരു ഡ്രാമ സിനിമയാണെന്ന് തരുണ്‍ പറഞ്ഞപ്പോള്‍ തന്നെ, തരുണേ ഓക്കെ ഞാനിത് ചെയ്യും എന്ന് പറഞ്ഞു. സിനിമയില്‍ ലാലേട്ടനും ശോഭനയും ആണെന്ന് അറിഞ്ഞപ്പോള്‍ എന്റെ കിളി പോയി. ശരിക്കും ഫോണ്‍ വിളിച്ച് ഈ കോമ്പോ ആണെന്ന് പറഞ്ഞപ്പോള്‍ എന്റെ കിളി പോയി. കാരണം ഇത്ര വര്‍ഷത്തിനിടയില്‍ ലാലേട്ടന്റെ പടം ഞാനിത് വരെ ചെയ്തിട്ടില്ല. അതും തരുണിന്റെ കൂടെ. സിനിമയിലെ ആദ്യത്തെ പാട്ടിനെ പറ്റി (കണ്‍മണി പൂവേ) ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. എന്റേതായ രീതിലില്‍ ചെയ്യണോ അല്ലെങ്കില്‍ ഒരു ക്ലീന്‍ നൊസ്റ്റാള്‍ജിയ ഉളവാക്കുന്ന തരത്തിലൊരു പാട്ടിലേക്ക് പോകണോ.
അങ്ങനെ അവസാനം ഈ പാട്ട് പാടാനായിട്ട് നമ്മുടെ ചോയ്‌സ് എം.ജി അണ്ണന്‍ തന്നെയായിരുന്നു. ആ മുഴുവന്‍ പാട്ടിന്റെ മേക്കിങ് പ്രോസസ് എന്റെ കുട്ടിക്കാലം പോലെയായിരുന്നു. നമ്മള്‍ കണ്ട് വന്നിട്ടുള്ള ലാലേട്ടന്റെയും എം.ജി അണ്ണന്റെയും പാട്ടുകള്‍ എങ്ങനെ മനോഹരമായിട്ട് റിക്രീയേറ്റ് ചെയ്യാന്‍ പറ്റുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ഞാന്‍ അങ്ങനെയുള്ള ഒരു ഗാനം ഇതുവരെ ചെയ്തിട്ടില്ല,’ ജേക്‌സ് ബിജോയ് പറയുന്നു.
Content Highlight: Jakes Bejoy talks about upcoming movie Thudarum