Kerala News
ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 04, 06:54 am
Friday, 4th April 2025, 12:24 pm

കോഴിക്കോട്: ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതിന് പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു.

അരയിടത്തുപാലത്തെ ഗോകുലം ഗ്രൂപ്പിന്റെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗോകുലം ഗോപാലനോട് ഇ.ഡി ചോദിച്ച് അറിയുന്നതെന്നാണ് സൂചന.

വിദേശ നിക്ഷേപം എന്തിനാണ് സ്വീകരിച്ചത്, ഏത് ഘട്ടത്തിലാണ് ഇത്തരമൊരു നിക്ഷേപം സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹത്തോട് ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇന്ന് (വെള്ളി)രാവിലെ മുതല്‍ ചെന്നൈയിലെ ഗോകുലം ചിട്ട്‌സ് ഫിനാന്‍സിലും ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലും റെയ്ഡ് നടക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടക്കുന്നത്.

എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ ഓഫീസില്‍ റെയ്ഡ് നടത്തുന്നതും.

ഗുജറാത്ത് കലാപം സിമിമയില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഗോകുലം ഗോപാലനെതിരായ നടപടി ഉണ്ടായതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

നേരത്തെ ഗോകുലം ഗോപാലന്റെ ഫിനാന്‍സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് ഒന്നിലധികം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ പരാതികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയല്‍ ചെയ്തവയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികളാണ് ഉയര്‍ന്നിരുന്നത്.

ഈ കേസുകളില്‍ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാനും തീരുമാനിച്ചിരുന്നു.അന്ന് കൊച്ചി ഇ.ഡി ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ഇപ്പോള്‍ എമ്പുരാനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഗോകുലത്തിന്റെ ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നത്.

മാര്‍ച്ച് 27നാണ് മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് സിനിമയായ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിനിമയിലെ രംഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

ആര്‍.എസ്.എസും ബി.ജെ.പിയും പ്രത്യക്ഷമായും പരോക്ഷമായും എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അന്ന് തന്നെ സിനിമയുടെ നിര്‍മാതാക്കളുടെ വീട്ടില്‍ ഇ.ഡി. എത്തുമെന്ന് ആം ആദ്മി കേരള ഘടകം അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

Content Highlight: ED questions Gokulam Gopalan