Sports News
ജേഴ്സി മാത്രമേ മാറുന്നുള്ളൂ, കളിക്കാര്‍ അതേപോലെ തുടരുന്നു: ആകാശ് ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 04, 07:28 am
Friday, 4th April 2025, 12:58 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

സീസണിലെ നാലാം മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുവരും ഇറങ്ങുന്നത്. പോയിന്റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തും സൂപ്പര്‍ ജയന്റ്‌സ് ഏഴാം സ്ഥാനത്തുമാണ്.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടൊപ്പം പോയിന്റ് ടേബിളില്‍ മുന്നേറുകയുമാണ് മുന്‍ ചാമ്പ്യന്‍മാരുടെ ലക്ഷ്യം

അതേസമയം, സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് മാത്രമാണ് ലഖ്നൗവിന് വിജയം സ്വന്തമാക്കാനായത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് തോറ്റ പന്തിന്റെ സംഘം വിജയവഴിയില്‍ തിരിച്ചെത്താനാണ് ഉന്നമിടുന്നത്.

ലഖ്നൗവിന്റെ പേസര്‍ ആകാശ് ദീപ് ഈ മത്സരത്തില്‍ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. പുറം വേദനയെ തുടര്‍ന്ന് ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു.

ഇപ്പോള്‍, ഐ.പി.എല്ലിലേക്കുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ്. തിരിച്ച് വരവിലെ ആദ്യ മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നും രണ്ടോ മൂന്നോ മാസം ഇടവേള ലഭിക്കുമ്പോള്‍ മത്സരങ്ങള്‍ കളിക്കാതെ ആത്മവിശ്വാസം ഉണ്ടാവില്ലെന്നും താരം പറഞ്ഞു. ടീമുകള്‍ മാറുന്നുവെങ്കിലും കളിക്കാരനും അവരുടെ സ്‌കില്ലും അതേപടി തുടരുകയും ചെയ്യുന്നുവെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

 

‘ആദ്യ മത്സരം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ പരിശീലന മത്സരം കളിച്ചിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ രണ്ടോ മൂന്നോ മാസത്തെ ഇടവേള ലഭിക്കുമ്പോള്‍, നിങ്ങള്‍ എത്ര പരിശീലനം നടത്തിയാലും ഒരു മത്സരം പോലും കളിക്കാത്തിടത്തോളം ആത്മവിശ്വാസം വളരില്ല.

ജേഴ്‌സി മാത്രമേ മാറുന്നുള്ളൂ. കളിക്കാരന്‍ അതേപടി തുടരുകയാണ്. ഈ ഫ്രാഞ്ചൈസിയോടൊപ്പമുള്ള (ലഖ്നൗ) സമയം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. പരിക്ക് കാരണം ഞാന്‍ വളരെക്കാലമായി ടീമില്‍ ഉണ്ടായിരുന്നില്ല. പക്ഷേ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്,’ ആകാശ് പറഞ്ഞു.

നിങ്ങളില്‍ വിശ്വസിക്കുകയും പരിശീലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്നും ആത്മവിശ്വാസം നിലനിര്‍ത്തുകയെന്നത് ഒരു കളിക്കാരന് വളരെ പ്രധാനമാണെന്നും ആകാശ് പറഞ്ഞു.

‘ഒരു വ്യക്തിയെന്ന നിലയില്‍, നിങ്ങളില്‍ വിശ്വസിക്കുകയും പരിശീലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഗെയിം നിലനിര്‍ത്തുന്നതിനനുസരിച്ച് പ്രകടനവും എളുപ്പമാകും. ഒരു കളിക്കാരനെ സംബന്ധിച്ച് ആത്മവിശ്വാസം നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്,’ ആകാശ് പറഞ്ഞു.

Content Highlight: IPL 2025: MI vs  LSG: Lucknow Super Giants Pacer Akash Deep Talks About His Return To IPL