Sports News
കൊടുങ്കാറ്റായി വൈഭവ്; ഹൈദരാബാദിനെതിരെ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 04, 06:27 am
Friday, 4th April 2025, 11:57 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. 80 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. സീസണില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

ബൗളില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇംപാക്ടായി ഇറങ്ങിയ വൈഭവ് അറോറ ഒരു മെയ്ഡന്‍ അടക്കം 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. ട്രാവിസ് ഹെഡ് (4), ഇഷാന്‍ കിഷന്‍ (2), ഹെന്റിക് ക്ലാസന്‍ (33) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല മത്സരത്തിലെ മൂന്നാം ഓവറില്‍ മെയ്ഡന്‍ വിത്ത് വിക്കറ്റും നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വാഭവിന് സാധിച്ചിരിക്കുകയാണ്. 2025 ഐ.പി.എല്ലില്‍ മെയ്ഡന്‍ വിത്ത് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് വൈഭവിന് സാധിച്ചത്. ചെന്നൈക്കെതിരെ ജോഫ്ര ആര്‍ച്ചറാണ് ഈ അപൂര്‍വ നേട്ടം ആദ്യം നേടിയത്. ആര്‍ച്ചര്‍ എറിഞ്ഞ ഓപ്പണിങ് ഓവറിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും നേടി. ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. കൊല്‍ക്കത്തയുടെ മിന്നും ബൗളിങ്ങില്‍ പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിരയില്‍ ഇറങ്ങിയ വെങ്കിടേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സും നേടി പുറത്തായി. മാത്രമല്ല അയ്യര്‍ക്ക് കൂട്ട് നിന്ന് റിങ്കു സിങ് 17 പന്തില്‍ നിന്ന് 32 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: IPL 2025:  Vaibhav Arora In Great Record Achievement In IPL 2025