Entertainment
അച്ഛന്‍ ഒരിക്കലും ഞങ്ങളാരെയും കൊഞ്ചിച്ചിട്ടില്ല, മൗനമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 13, 10:50 am
Sunday, 13th April 2025, 4:20 pm

കോസ്റ്റിയൂം ഡിസൈനറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ഇന്ദ്രന്‍സ്. പിന്നീട് അഭിനയത്തിലേക്ക് ചുവടുവെച്ച ഇന്ദ്രന്‍സിന് കരിയറിന്റെ തുടക്കത്തില്‍ ഹാസ്യവേഷങ്ങളാണ് കൂടുതലായും ലഭിച്ചത്. നായകന്റെ വാലായി നടക്കുന്ന കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ട ഇന്ദ്രന്‍സ് പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു.

തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. തങ്ങള്‍ ഏഴ് മക്കളാണെന്നും വളരെ ദരിദ്രമായ ചുറ്റുപാടിലാണ് വളര്‍ന്നതെന്നും ഇന്ദ്രന്‍സ് പറയുന്നു. തന്റെ അച്ഛന്‍ ഒരിക്കലും തന്നെ കൊഞ്ചിച്ചിട്ടില്ലെന്നും എന്നാല്‍ രാത്രി വൈകുന്ന നേരങ്ങളില്‍ അച്ഛന്‍ തന്നെ കൂട്ടാനായി വരാറുണ്ടെന്നും അങ്ങനെയുള്ള ഒരാള്‍ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

‘ഞങ്ങള്‍ ഏഴുമക്കള്‍. വളരെ ദരിദ്രമായ ചുറ്റുപാട്. പങ്കുവെച്ച് കഴിച്ചും ജീവിച്ചുമാണ് ഞങ്ങളുടെ ശീലം പറമ്പില്‍ ഒരു മാങ്ങ വീണാല്‍ ഞങ്ങള്‍ ഓടിയെത്തും. അത് ഏഴായി മുറിക്കും എല്ലാവര്‍ക്കും ഒരു വീതം ഏറ്റവും ഇളയ ആളിന് മാങ്ങയുടെ പാണ്ടി. അങ്ങനെയാണ് ഞങ്ങള്‍ വളര്‍ന്നത്. ഇപ്പോഴും ഇങ്ങനെയൊക്കെത്തന്നെ.

അച്ഛന്‍ ഒരിക്കലും ഞങ്ങളാരെയും കൊഞ്ചിച്ചിട്ടില്ല. മൗനമായിരുന്നു അച്ഛന്റെ മുഖമുദ്ര

അച്ഛന്‍ ഒരിക്കലും ഞങ്ങളാരെയും കൊഞ്ചിച്ചിട്ടില്ല. മൗനമായിരുന്നു അച്ഛന്റെ മുഖമുദ്ര. ഞാന്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോയാല്‍ തിയേറ്ററിനടുത്ത് അച്ഛന്‍ ഉണ്ടാകും. രാത്രി കട അടയ്ക്കാന്‍ വൈകിയാല്‍ കടക്ക് അടുത്ത് അച്ഛന്‍ ഉണ്ടാകും. നാടക സദസിലും ഉണ്ടാകും. എന്നിട്ടും എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ച് അച്ഛന്‍ പോയതെന്ന് ഞങ്ങള്‍ക്ക് ഇന്നും അറിഞ്ഞുകൂടാ.

എനിക്ക് രണ്ടു മക്കളാണ്. അവര്‍ എന്റെ കൂട്ടുകാരും കൂടിയാണ്. അതുപോലെ ഏത് കാര്യവും ഭാര്യ ശാന്തയുമായും സഹോദരങ്ങളുമായും ആലോചിക്കും. നാളെ എന്റെ മക്കളും ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. മാതാപിതാക്കളെക്കാള്‍ മക്കള്‍ മൊബൈല്‍ ഫോണിനെ സ്‌നേഹിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ,’ ഇന്ദ്രന്‍സ് പറയുന്നു.

Content Highlight: Indrans Talks About His Family