ആദ്യമായി നടന്‍ പ്രേം നസീറിനെ കാണുമ്പോള്‍ തനിക്ക് അതിശയം തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്‌ക്രീനില്‍ വലുതായി കണ്ടിരുന്നയാളെ നേരില്‍ കണ്ടപ്പോള്‍ തീരെ ചെറുതായിട്ട് തോന്നിപ്പോയെന്നും അദ്ദേഹം പറയുന്നു.
പ്രേം നസീര്‍ അഭിനയിച്ചിട്ടുള്ള സിനിമാസെറ്റില്‍ അദ്ദേഹത്തിന് വീട്ടില്‍ നിന്നും ഉച്ചക്ക് ചോറ് കൊണ്ട് വരുമെന്നും തങ്ങള്‍ക്കൊക്കെ അത് ഷെയര്‍ ചെയ്തിരുന്നെന്നും അതെല്ലാം ഒരു ഭാഗ്യമായി കരുതുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘അന്തിക്കാട്ട് പണ്ട് ഉണ്ടായിരുന്ന ആരാധനതിയേറ്റര്‍ ഇന്നില്ല. ഓഡിറ്റോറിയമായി മാറി. പണ്ട് പോപ്പുലര്‍ എന്നായിരുന്നു തിയേറ്ററിന്റെ പേര്. അന്നത് ഓല ടാക്കീസായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് തിയേറ്ററിന് അരികിലൂടെ നടന്ന് പോകുമ്പോള്‍ നടപ്പ് ഒന്ന് സ്ലോ ചെയ്യും.
പ്രേംനസീറിന്റെയും മറ്റും സിനിമകളായിരിക്കും ഓടിക്കൊണ്ടിരിക്കുന്നത്. പുറത്ത് നില്‍ക്കുമ്പോള്‍ സിനിമയിലെ ഡയലോഗുകളൊക്കെ കേള്‍ക്കാം. അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ സിനിമ പഠിക്കാന്‍ മദ്രാസില്‍ പോകുമ്പോള്‍ നസീര്‍ സാറിനെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ശബ്ദമാണല്ലോ അന്ന് ഞാന്‍ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിരുന്നതെന്ന് ആലോചിക്കുമായിരുന്നു. ആദ്യമായി നസീര്‍ സാറിനെ കാണുമ്പോള്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. സ്‌ക്രീനില്‍ വലുതായി കണ്ടിരുന്നയാളെ നേരില്‍ കണ്ടപ്പോള്‍ തീരെ ചെറുതായിട്ട് തോന്നിപ്പോയി.
ആരാധനതിയേറ്ററിന്റെ മുന്നില്‍ നിന്ന് നസീര്‍ സാറിന്റെ ശബ്ദം കേട്ടിരുന്ന കാര്യം ഞാന്‍ നസീര്‍ സാറിനോടുതന്നെ പറഞ്ഞിട്ടുമുണ്ട്. നസീര്‍ സാര്‍ അഭിനയിച്ചിട്ടുള്ള സിനിമാസെറ്റില്‍ സാറിന് വീട്ടില്‍ നിന്നും ഉച്ചക്ക് ചോറ് കൊണ്ട് വരും. ഞങ്ങള്‍ക്കൊക്കെ അത് ഷെയര്‍ ചെയ്തിരുന്നു. അതെല്ലാം ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talks About Prem Nazir