ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും നേര്‍ക്കുനേര്‍
national news
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും നേര്‍ക്കുനേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2022, 9:49 am

ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ഇരുസഭകളിലെയും പാര്‍ലമെന്റ് അംഗങ്ങള്‍ ശനിയാഴ്ച വോട്ട് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍ഖര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്കെതിരെയാണ് മത്സരിക്കുന്നത്. 71കാരനായ ധന്‍ഖര്‍ സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവാണ്.

80കാരിയായ മാര്‍ഗരറ്റ് ആല്‍വ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. ഗോവ, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി ആല്‍വ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ഗരറ്റ് ആല്‍വയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ 23ഉം രാജ്യസഭയില്‍ 16ഉം എം.പിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്.

ജനതാദള്‍ (യുണൈറ്റഡ്), വൈ.എസ്.ആര്‍.സി.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ശിവസേന തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍ഖറിന് ഉണ്ട്. അതുകൊണ്ട്തന്നെ 515 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ്, എ.എ.പി, എ.ഐ.എം.ഐ.എം, ടി.ആര്‍.എസ്, ജെ.എം.എം തുടങ്ങിയ പാര്‍ട്ടികളാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുന്നത്. അതനുസരിച്ച് മാര്‍ഗരറ്റ് ആല്‍വ 200ലധികം വോട്ടുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘പാര്‍ലമെന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍, പാര്‍ട്ടികളില്‍ നിന്ന് സ്വതന്ത്രരായ എം.പിമാര്‍ പരസ്പരവിശ്വാസം പുനസ്ഥാപിക്കുന്നതിനും തകര്‍ന്ന ആശയവിനിമയം പുനസ്ഥാപിക്കുന്നതിനുമുള്ള വഴികള്‍ കണ്ടെത്തണം. നമ്മുടെ പാര്‍ലമെന്റിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് എം.പിമാരാണ്,’ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വീഡിയോ സന്ദേശത്തില്‍ ആല്‍വ പറഞ്ഞു.

രാജ്യസഭയിലും ലോക്സഭയിലുമായി ആകെ 788 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറല്‍ കോളേജ്. നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പോളിങ് നടക്കുക. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി, പാര്‍ലമെന്റ് ഹൗസിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുകയും ചെയ്യും. ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ റിട്ടേണിംങ് ഓഫീസര്‍ അടുത്ത ഉപരാഷ്ട്രപതിയുടെ പേര് പ്രഖ്യാപിക്കും.

Content Highlight: Vice presidential election to be held on Saturday, NDA’s Jagdeep Dhankhar and Congress’s Margaret Alva compete