Kerala News
വെറ്റിനറി സര്‍വകലാശാലയിലെ പുതിയ വി.സി രാജിവെച്ചു; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 25, 12:49 pm
Monday, 25th March 2024, 6:19 pm

വൈത്തിരി: വെറ്റിനറി സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലര്‍ ഡോ. പി.സി. ശശീന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് പി.സി. ശശീന്ദ്രന്‍ പറഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയതായി വി.സി അറിയിച്ചു.

ചാന്‍സലര്‍ക്ക് വി.സി രാജിക്കത്ത് കൈമാറിയിട്ട് ഒരാഴ്ച കഴിഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇപ്പോഴാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വി.സി എം.ആര്‍. ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകന്‍ കൂടിയായിരുന്നു പി.സി. ശശീന്ദ്രന്‍.

അതേസമയം സര്‍വകലാശാലയില്‍ ഉണ്ടായ റാഗിങ്ങിന്റെ പേരില്‍ സസ്പെന്‍ഷന്‍ നേരിട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ അമേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം.

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ ഈ രണ്ട് വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. തങ്ങള്‍ തെറ്റ് ചെയ്തുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി സര്‍വകലാശാലയുടെ നടപടി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlight: Veterinary University VC resigned