IPL
സഞ്ജു അന്നേ പറഞ്ഞതല്ലേ ഗ്രൗണ്ടിന് പുറത്തേക്ക് സിക്‌സറടിക്കാന്‍ പോന്നവനാണെന്ന്; കരിയറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കി സൂര്യവംശി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 04:42 pm
Saturday, 19th April 2025, 10:12 pm

ഐ.പി.എല്‍ സൂപ്പര്‍ സാറ്റര്‍ഡേയിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. ഏയ്ഡന്‍ മര്‍ക്രം, ആയുഷ് ബദോണി എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ക്ക് പുറമെ അബ്ദുള്‍ സമദിന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് സൂപ്പര്‍ ജയന്റ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമാണ് ലഭിച്ചത്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ കൗമാര തരം വൈഭവ് സൂര്യവംശിയാണ് ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ മൂന്ന് ഓവറിലും 13 റണ്‍സ് വീതം നേടി 39 റണ്‍സാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

സൂര്യവംശിയുടെ ഐ.പി.എല്‍ അരങ്ങേറ്റത്തിന് കൂടിയാണ് ജയ്പൂര്‍ സാക്ഷ്യം വഹിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടത്തോടെയാണ് സൂര്യവംശി അരങ്ങേറ്റം കുറിച്ചത്.

ഐ.പി.എല്‍ കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയാണ് സൂര്യവംശി വരവറിയിച്ചത്. ഷര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ ഓവറിലെ നാലാം പന്ത് ഡീപ് എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സറിന് പറത്തിയ താരം തൊട്ടുത്ത ഓവറില്‍ ആവേശ് ഖാനെ ലോങ് ഓണിന് മുകളിലൂടെയും ഗാലറിയിലെത്തിച്ചു.

മറ്റൊരു സിക്‌സര്‍ ലക്ഷ്യം വെച്ച് തൊടുത്ത ഷോട്ടില്‍ പുറത്താകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നെങ്കിലും സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍ ക്യാച്ച് വിട്ടുകളഞ്ഞു. ക്യാച്ച് വിട്ടുകളയുക മാത്രമല്ല, അത് ഫോറാവുകയും ചെയ്തു.

വൈഭവ് തന്റെ മാസ്റ്റര്‍ ക്ലാസ് തുടരുമ്പോള്‍ യുവതാരത്തെ കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ വീണ്ടും ഓര്‍ത്തെടുക്കുകയാണ്. വൈഭവ് മികച്ച, ടാലന്റഡായ താരമാണെന്നും പ്രാക്ടീസിനിടെ ഗ്രൗണ്ടിന് വെളിയിലേക്ക് സിക്‌സറുകള്‍ പായിക്കുന്നു എന്നുമാണ് സഞ്ജു പറഞ്ഞത്.

അതേസമയം, പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍.24 പന്തില്‍ 40 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 12 പന്തില്‍ 21 റണ്‍സുമായി വൈഭവ് സൂര്യവംശിയും ക്രീസില്‍ തുടരുകയാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ശുഭം ദുബെ. നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: RR vs LSG: Vaibhav Suryavanshi’s impactful debut