Advertisement
IPL
ആറ് ഓവറില്‍ ആറ് സിക്‌സറുകള്‍; രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രം തിരുത്തിയെഴുതി ജെയ്‌സ്വാളും സൂര്യവംശിയും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 05:19 pm
Saturday, 19th April 2025, 10:49 pm

സൂപ്പര്‍ ഓവറിലെ പരാജയത്തിന് പിന്നാലെ സീസണിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ടിലെത്തിയിരിക്കുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. ഏയ്ഡന്‍ മര്‍ക്രം, ആയുഷ് ബദോണി എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ക്ക് പുറമെ അബ്ദുള്‍ സമദിന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് സൂപ്പര്‍ ജയന്റ്‌സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം ലഭിച്ചു. സഞ്ജു സാംസണിന്റെ അഭാവത്തില്‍ കൗമാര തരം വൈഭവ് സൂര്യവംശിയാണ് ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് വൈഭവ് സൂര്യവംശി ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. രണ്ടാം ഓവറില്‍ ആവേശ് ഖാനെതിരെ വീണ്ടും സിക്‌സര്‍ നേടി ആദ്യത്തേത് വെറും വണ്‍ ടൈം വണ്ടറായിരുന്നില്ല എന്ന് തെളിയിക്കാനും വൈഭവിന് സാധിച്ചു.

ഒരു വശത്ത് നിന്ന് അരങ്ങേറ്റം ഗംഭീരമാക്കുമ്പോള്‍ മറുവശത്ത് നിന്ന് യശസ്വി ജെയ്‌സ്വാളും ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകള്‍ പറത്തി. പവര്‍പ്ലേയിലെ അവസാന പന്തില്‍ സ്വന്തമാക്കിയ സിക്‌സറടക്കം നാല് തവണയാണ് ജെയ്‌സ്വാള്‍ പന്ത് ഗാലറിയിലെത്തിച്ചത്. വൈഭവാകട്ടെ രണ്ട് സിക്‌സറും നേടിയിരുന്നു.

ഇരുവരുടെയും മികച്ച പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്റെ ചരിത്രമാണ് തിരുത്തപ്പെട്ടത്. പവര്‍ പ്ലേയില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്‌സുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ജെയ്‌സ്വാളും സൂര്യവംശിയും ഈ മത്സരത്തെ കൈപിടിച്ചുനടത്തിയത്.

 

പവര്‍ പ്ലേയില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിങ്‌സുകള്‍

(സിക്‌സര്‍ – എതിരാളികള്‍ – സിക്‌സര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

7 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി – 2018

6 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ജയ്പൂര്‍ – 2025*

5 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – അബു ദാബി – 2021

5 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – അഹമ്മദാബാദ് – 2022

5 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി – 2025

5 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുവാഹത്തി – 2025

 

അതേസമയം, മത്സരം 14 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലാണ് രാജസ്ഥാന്‍. 44 പന്തില്‍ 64 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 13 പന്തില്‍ 19 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ശുഭം ദുബെ. നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

 

Content Highlight: IPL 2025: RR vs LSG: Brilliant batting performance by Yashasvi Jaiswal and Vaibhav Sooryvanshi