Entertainment
ആ ഒരു കാര്യത്തില്‍ അമ്മയെ കഴിഞ്ഞേ വേറെ ആള്‍ക്കാരുള്ളൂ: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 05:31 pm
Saturday, 19th April 2025, 11:01 pm

സംവിധായകന്‍ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

കെ.പി.എ.സി. ലളിതയെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അമ്മയുടെ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലരും പറയുന്ന കാര്യമാണ് ഫ്‌ളാഷ്ബാക്കുകളും കഥകളും പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. തന്റെ കുട്ടിക്കാലം മുതല്‍ അമ്മയുടെ ആ കഴിവ് കണ്ടിട്ടുണ്ടെന്നും ഒരുപാട് കഥകള്‍ അമ്മ തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

കൂടുതലും പ്രേതകഥകളായിരുന്നു അമ്മ പറഞ്ഞുതന്നിരുന്നതെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. അതില്‍ പലതും ആ സ്‌പോട്ടിലുണ്ടാക്കിയ കഥകളായിരുന്നെന്നും കേള്‍ക്കുമ്പോള്‍ വിശ്വസിച്ചുപോകുമായിരുന്നെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. അത്തരം കഴിവുള്ള അമ്മക്ക് കറുത്തച്ചനൂട്ടിന്റെ കഥ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

 

കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നിട്ടുള്ള കഥകള്‍ പലതും മാടന്റെയും മറുതയുടെയും ചാത്തനേറിന്റെയും കഥകളായിരുന്നെന്നും പരിചയമുള്ള സ്ഥലങ്ങളെക്കുറിച്ചായിരുന്നു ആ കഥകളെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. എന്നാല്‍ അതെല്ലാം ചുമ്മാ പറഞ്ഞതായിരുന്നെന്ന് വളര്‍ന്ന് വലുതായപ്പോഴാണ് മനസിലായതെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.

‘അമ്മയുടെ അഭിനയത്തെപ്പറ്റി സംസാരിക്കുമ്പോള്‍ പലരും പറയുന്ന ഒരു കാര്യമാണ് കഥകള്‍ പറഞ്ഞ് ഫലിപ്പിക്കുന്നത്. ആ ഒരു കാര്യത്തില്‍ അമ്മ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ. അത് കുട്ടിക്കാലം മുതലേ അറിയാവുന്ന കാര്യമാണ്. ചെറുതായിരുന്നപ്പോള്‍ അമ്മ ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. അതില്‍ പലതും പ്രേതക്കഥകളായിരുന്നു. അതൊക്കെ ആ സ്‌പോട്ടില്‍ അമ്മ ഉണ്ടാക്കുന്ന കഥകളാണ്.

മാടന്റെയും മറുതയുടെയും ചാത്തനേറിന്റെയുമൊക്കെ കഥകളാണ് പറഞ്ഞു തരുന്നത്. നമുക്ക് അറിയാവുന്ന സ്ഥലത്തെക്കുറിച്ചൊക്കെയാണ പറയാറ്. അവിടെയൊക്കെ ഒറ്റക്ക് പോകേണ്ടി വരുമ്പോള്‍ ഈ കഥയൊക്കെ മനസില്‍ വരും. എന്നാല്‍ അതൊക്കെ ചുമ്മാ പറഞ്ഞതായിരുന്നെന്ന് വലുതായപ്പോള്‍ മനസിലായി,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Content Highlight: Sidharth Bharathan about the narration skill of KPAC Lalitha