IPL
ബട്‌ലര്‍ തകര്‍ത്തടിച്ച അതേ ദിവസം ജയമുറപ്പിച്ച മത്സരം തോറ്റ് രാജസ്ഥാന്‍; ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ രണ്ട് റണ്‍സിന് പരാജയം ചോദിച്ചുവാങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 19, 05:56 pm
Saturday, 19th April 2025, 11:26 pm

ഐ.പി.എല്‍ സൂപ്പര്‍ സാറ്റര്‍ഡേയിലെ രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.

സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോം ടീമിന് 178 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ ജയന്റ്‌സിന് തുടക്കം പാളിയിരുന്നു. പവര്‍ പ്ലേയില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെയും നിക്കോളാസ് പൂരനെയും സൂപ്പര്‍ ജയന്റ്‌സിന് നഷ്ടപ്പെട്ടിരുന്നു. മാര്‍ഷ് നാല് റണ്‍സും നിക്കോളാസ് പൂരന്‍ 11 റണ്‍സും നേടിയാണ് തിരിച്ചുനടന്നത്.

ക്യാപ്റ്റന്‍ റിഷബ് പന്ത് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ഒമ്പത് പന്ത് നേരിട്ട് വെറും മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഒരു വശത്ത് നിന്നും വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് നിന്ന് ഏയ്ഡന്‍ മര്‍ക്രം ചെറുത്തുനിന്നു. നാലാം നമ്പറിലെത്തിയ ആയുഷ് ബദോണിയെ ഒപ്പം കൂട്ടി ലഖ്‌നൗ ഓപ്പണര്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

നാലാം വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. സ്‌കോര്‍ 130ല്‍ നില്‍ക്കവെ മര്‍ക്രമിനെ മടക്കി വാനിന്ദു ഹസരങ്ക രാജസ്ഥാന്‍ റോയല്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 45 പന്തില്‍ 66 റണ്‍സ് നേടിയാണ് മര്‍ക്രം പുറത്തായത്.

അധികം വൈകാതെ ആയുഷ് ബദോണിയും മടങ്ങി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിതിന് തൊട്ടുപിന്നാലെയായിരുന്നു താരത്തിന്റെ മടക്കം.

സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ അബ്ദുള്‍ സമദിന്റെ വെടിക്കെട്ടിനാണ് ജയ്പൂര്‍ സാക്ഷ്യം വഹിച്ചത്. ആകാശം തൊട്ട നാല് സിക്‌സറുകളടക്കം 27 റണ്‍സാണ് താരം അവസാന ഓവറില്‍ അടിച്ചെടുത്തത്. 10 പന്ത് നേരിട്ട് പുറത്താകാതെ 30 റണ്‍സാണ് സമദ് സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 180ലെത്തി.

രാജസ്ഥാന്‍ റോയല്‍സിനായി ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡേ, ജോഫ്രാ ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പരിക്കേറ്റ സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവംശി യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു.

നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി വൈഭവ് സൂര്യവംശി ഐ.പി.എല്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ മറുവശത്ത് നിന്ന് ജെയ്‌സ്വാളും തകര്‍ത്തടിച്ചുകൊണ്ടിരുന്നു.

പവര്‍പ്ലേയില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

ടീം സ്‌കോര്‍ 85ല്‍ നില്‍ക്കവെ വൈഭവ് സൂര്യവംശിയെ മടക്കി മര്‍ക്രം കൂട്ടുകെട്ട് പൊളിച്ചു. റിഷബ് പന്തിന്റെ മികച്ച സ്റ്റംപിങ്ങിലൂടെയാണ് വൈഭവ് പുറത്തായത്. 20 പന്തില്‍ 34 റണ്‍സാണ് താരം അടിച്ചെടുത്തത്.

വണ്‍ ഡൗണായെത്തിയ നിതീഷ് റാണ ഏഴ് പന്തില്‍ എട്ട് റണ്‍സും നേടി പുറത്തായി.

മൂന്നാം വിക്കറ്റില്‍ ജെയ്‌സ്വാളും ക്യാപ്റ്റന്‍ റിയാന്‍ പരാഗും ചേര്‍ന്ന് മറ്റൊരു മികച്ച പാര്‍ട്ണര്‍ഷിപ്പ് കൂടി പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 94ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 156ല്‍ നില്‍ക്കവെയാണ്.

18ാം ഓവറിലെ ആദ്യ പന്തില്‍ ജെയ്‌സ്വാളിനെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ ലഖ്‌നൗവിന് മറ്റൊരു ബ്രേക് ത്രൂ കൂടി സമ്മാനിച്ചു. 52 പന്തില്‍ 74 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ മടങ്ങിയത്.

ഓവറിലെ അവസാന പന്തില്‍ റിയാന്‍ പരാഗിനെയും പുറത്താക്കി ആവേശ് ഖാന്‍ രാജസ്ഥാന് ഇരട്ട പ്രഹരം സമ്മാനിച്ചു. 26 പന്തില്‍ 35 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.

അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ദല്‍ഹിക്കെതിരായ മത്സരത്തിലും അവസാന ആറ് പന്തില്‍ ഒമ്പത് റണ്‍സായിരുന്നു ടീമിന് വേണ്ടിയിരുന്നത്. അന്ന് ക്രീസിലുണ്ടായിരുന്ന അതേ ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ജയ്പൂരിലും അവസാന ഓവറില്‍ രാജസ്ഥാനായി ക്രീസിലുണ്ടായിരുന്നത്.

ഓവറിലെ മൂന്നാം പന്തില്‍ ഹെറ്റ്‌മെയര്‍ പുറത്തായി. ഏഴ് പന്തില്‍ 12 റണ്‍സുമായി നില്‍ക്കവെ ആവേശ് ഖാന്റെ പന്തില്‍ ഷര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെയെത്തിയ ശുഭം ദുബെയ്ക്ക് മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് രാജസ്ഥാന്‍ 178ലൊതുങ്ങി.

സൂപ്പര്‍ ജയന്റ്‌സിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഏയ്ഡന്‍ മര്‍ക്രവും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: IPL 2025: Lucknow Super Giants defeated Rajasthan Royals