സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയ താരമാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ ജനപ്രിയനായ മണിക്കുട്ടന്‍, വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്. പിന്നാലെ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്ത മണിക്കുട്ടന്‍ എമ്പുരാനിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.
പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടന്‍. പൃഥ്വിരാജിനെ താന്‍ ആദ്യമായി കാണുന്നത് സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നെന്ന് മണിക്കുട്ടന്‍ പറഞ്ഞു. താന്‍ അഭിനയിച്ച വര്‍ണച്ചിറകുകള്‍ എന്ന ചില്‍ഡ്രന്‍സ് ഫിലിമിന് ഒരു പ്രിവ്യൂ ഷോ വെച്ചിരുന്നെന്നും ആ പരിപാടിക്ക് നെല്‍സണ്‍ മണ്ടേലയുടെ പങ്കാളി വിന്നി മണ്ടേലയായിരുന്നു ചീഫ് ഗസ്റ്റെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ആ പരിപാടിയെന്നും അത് ഹോസ്റ്റ് ചെയ്യാന്‍ വന്നത് പൃഥ്വിരാജായിരുന്നെന്നും മണിക്കുട്ടന്‍ പറഞ്ഞു. താന്‍ നായകനായ സിനിമയുടെ പരിപാടിക്ക് അവതാരകനായി വന്ന പൃഥ്വിരാജിനെയാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്നും ഇന്നും അത് ഓര്‍മയുണ്ടെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് ആ പരിപാടി ഹോസ്റ്റ് ചെയ്യുന്നത് കണ്ടിട്ട് വിന്നി മണ്ടേല തന്നോട് പൃഥ്വിരാജിനെക്കുറിച്ച് സംസാരിച്ചെന്നും മണിക്കുട്ടന്‍ പറഞ്ഞു. ലക്ഷങ്ങളില്‍ ഒരാളാണ് ആ പയ്യനെന്നും സൂക്ഷിച്ച് വെച്ചോളൂവെന്നുമാണ് വിന്നി മണ്ടേല തന്നോട് പറഞ്ഞതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മണിക്കുട്ടന്‍ ഇക്കാര്യം പറഞ്ഞത്.
‘പൃഥ്വിയെ ഞാന്‍ ആദ്യമായി കാണുന്നത് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. അന്ന് ഞാന്‍ അഭിനയിച്ച വര്‍ണച്ചിറകുകള്‍ എന്ന ചില്‍ഡ്രന്‍സ് ഫിലിമിന് രു പ്രിവ്യൂ ഷോ വെച്ചിട്ടുണ്ടായിരുന്നു. നെല്‍സണ്‍ മണ്ടേലയുടെ വൈഫായിരുന്നു ആ പരിപാടിയുടെ ചീഫ് ഗസ്റ്റായി വന്നത്. അന്ന് ആ പരിപാടി ഹോസ്റ്റ് ചെയ്തത് പൃഥ്വിരാജായിരുന്നു. ഞാനന്ന് ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു.
ഞാന്‍ നായകനായ പടത്തിന്റെ പരിപാടി പൃഥ്വിരാജ് ഹോസ്റ്റ് ചെയ്തു എന്ന് പറയുന്നത് ഇപ്പോള്‍ സന്തോഷം നല്‍കുന്ന ഓര്‍മയാണ്. അന്ന് പൃഥ്വിരാജിന്റെ ഹോസ്റ്റിങ് കണ്ടിട്ട് വിന്നി മണ്ടേല എന്നോട് ‘ആ പയ്യന്‍ ലക്ഷത്തില്‍ ഒരാളാണ്, അവനെ സൂക്ഷിച്ച് വെച്ചോ’ എന്ന് പറഞ്ഞു. അന്ന് വിന്നി മാം പറഞ്ഞത് ഇന്ന് സത്യമായി മാറിയിരിക്കുകയാണ്,’ മണിക്കുട്ടന്‍ പറഞ്ഞു.
Content Highlight: Manikuttan shares the memories of first meeting with Prithviraj