നിര്‍ഭയ കേസിന് സമാനമായ കേസെന്ന് പ്രോസിക്യൂഷന്‍; ജിഷ വധക്കേസില്‍ ശിക്ഷവിധി നാളെ
Jisha Murder Case
നിര്‍ഭയ കേസിന് സമാനമായ കേസെന്ന് പ്രോസിക്യൂഷന്‍; ജിഷ വധക്കേസില്‍ ശിക്ഷവിധി നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th December 2017, 2:00 pm

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ശിക്ഷ നാളെ. ശിക്ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതി ഇന്ന് കേട്ടു.

ദല്‍ഹിയിലെ നിര്‍ഭയകേസിന് സമാനമായ സംഭവമാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് കുറ്റത്തില്‍ പശ്ചാത്താപമില്ല. ഇങ്ങനെയൊരാളെ സമൂഹത്തിലേക്ക് വിടാന്‍ പറ്റില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. അമീറിന് അസമീസ് ഭാഷ മാത്രമെ അറിയുവെന്നും ആ ഭാഷ അറിയുന്നവര്‍ കേസന്വേഷിക്കണമെന്നും അമീറുല്ലിന്റെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ആവശ്യപ്പെട്ടു. പ്രതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും ആളൂര്‍ ബോധിപ്പിച്ചു.

എന്നാല്‍ അമീറിന്റെ ആവശ്യം കോടതി തള്ളി. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നത്. അത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂരിലെ വീട്ടില്‍വെച്ച് നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ജൂണ്‍ 16 നാണ് അമീര്‍ പൊലീസ് പിടിയിലാകുന്നത്.