Film News
സഖാവിന്റെ കഥ എന്നൊക്കെ പറഞ്ഞപ്പോള്‍ ദുല്‍ഖറിനെ മനസില്‍ ആലോചിച്ചാണ് കേട്ടത്, അവസാനത്തെ ചോദ്യം ഞെട്ടിച്ചു: വെങ്കിടേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 07, 02:39 am
Tuesday, 7th March 2023, 8:09 am

വെങ്കിടേഷ്, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്ത് വന്ന ചിത്രമാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ. ചിത്രത്തില്‍ ജീവന്‍ ലാല്‍ എന്ന സഖാവായാണ് വെങ്കിടേഷ് എത്തിയത്. ഈ കഥാപാത്രം തനിക്ക് ലഭിച്ചതിന് പിന്നിലെ കഥ പറയുകയാണ് വെങ്കിടേഷ്.

തന്നോട് കഥ പറയുമ്പോള്‍ ദുല്‍ഖറിനെ ആലോചിച്ചാണ് കേട്ടതെന്നും അവസാനം താനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടെന്നും വെങ്കിടേഷ് പറഞ്ഞു. സ്റ്റാന്‍ഡ് അപ്പ് റിലീസിന് മുന്നേയാണ് ചിത്രത്തിലേക്ക് ഓഫര്‍ വന്നതും ആ സമയത്ത് അങ്ങനെയൊരു കഥാപാത്രം ലഭിക്കുന്നതിനെ പറ്റി ആലോചിക്കാന്‍ പോലുമാവുമായിരുന്നില്ലെന്നും ഏഷ്യാവില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കിടേഷ് പറഞ്ഞു.

‘സ്റ്റാന്‍ഡ് അപ്പ് റിലീസിന് മുമ്പേയാണ് ഞാന്‍ ഈ കഥ കേള്‍ക്കുന്നത്. ആ ഒരു സമയത്ത് എനിക്ക് ഒരു തരത്തിലും കിട്ടാന്‍ സാധ്യതയില്ലാത്ത കഥാപാത്രമാണ് ജീവന്‍ ലാല്‍. അത്രയും സ്‌ട്രോങ്ങായ കഥാപാത്രമാണ്. സിനിമ മുഴുവനും ഉണ്ട്. ഒരു സ്റ്റേജില്‍ അത്തരമൊരു കഥാപാത്രം നമുക്ക് വിടാന്‍ പറ്റില്ല. ഇത്രയും വലിയ ഒരു കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നുള്ള കണ്‍ഫ്യൂഷനായിരുന്നു എനിക്ക്.

ഈ സ്റ്റോറി എന്നോട് നരേറ്റ് ചെയ്യുമ്പോള്‍ ദുല്‍ഖറിനെ ഒക്കെ മനസില്‍ വെച്ചിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്. ഇവരെന്നോട് എന്തിനാണ് പറയുന്നത് എന്ന് എനിക്ക് അറിയില്ല. പറഞ്ഞു കഴിഞ്ഞാണ് നായകന്‍ ജീവന്‍ ലാലായി വെങ്കിയെ ആണ് സജസ്റ്റ് ചെയ്യുന്നത് എന്ന്. ഞാന്‍ അത്ഭുതപ്പെട്ടു. ചേട്ടാ ഒക്കെയാണെന്ന് ഞാന്‍ പറഞ്ഞു. നമ്മളെ കൊണ്ട് ഇത് എടുത്താല്‍ പൊങ്ങുമോ എന്ന് പിന്നെയാണ് ആലോചിക്കുന്നത്. പക്ഷേ പ്രഗേഷേട്ടന്റെ ഇന്‍പുട്ട് ഭയങ്കരമായിരുന്നു,’ വെങ്കിടേഷ് പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററികളിലെത്തിയത്. നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്. ആര്‍2 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനിഖ സുരേന്ദ്രന്‍, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അപ്പാനി ശരത്, നില്‍ജ കെ. ബേബി, ശ്രുതി ജയന്‍, വിജയ കൃഷ്ണന്‍, അര്‍ജുന്‍ പി. അശോകന്‍, സൂര്യ ലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: venktesh about lovefully yours veda movie